കൊൽക്കത്ത: അധികാരം ഏറ്റെടുത്തതിന് പിന്നാലെ വിചിത്ര നീക്കവുമായി സുവേന്ദു അധികാരി സർക്കാർ. മമതയുടെ കാലത്ത് നൽകിയ ജാതി സർട്ടിഫിക്കറ്റുകൾ പരിശോധിക്കാനാണ് നീക്കം. ഇത് സംബന്ധിച്ച് സബ് ഡിവിഷണൽ ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 2011 മുതൽ ഏകദേശം 1.69 കോടി ജാതി സർട്ടിഫിക്കറ്റുകൾ നൽകിയിട്ടുണ്ടെന്നാണ് സർക്കാർ പറയുന്നത്.
സർട്ടിഫിക്കറ്റുകളുടെ ആധികാരികതയും സുതാര്യതയും ഉറപ്പാക്കാൻ വേണ്ടിയാണ് ഈ നീക്കമെന്നാണ് വിശദീകരണം. ജാതി സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പൊതു സേവനങ്ങൾ പൗരന്മാർക്ക് നേരിട്ട് എത്തിക്കുന്നതിനായി തൃണമൂൽ കോൺഗ്രസ് നടപ്പിലാക്കിയ ജനസമ്പർക്ക പരിപാടിയായ ദുവാരെ ക്യാമ്പുകൾ വഴിയാണ് സർട്ടിഫിക്കറ്റുകൾ കൈമാറിയത്. സർട്ടിഫിക്കറ്റ് നൽകിയതിൽ ക്രമക്കേട് കണ്ടെത്തിയാൽ നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചു.






