കോഴിക്കോട്: പുതിയ യു.ഡി.എഫ് മന്ത്രിസഭയിലെ മുസ്‌ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ ഏകദേശ ധാരണയായി. പി.കെ കുഞ്ഞാലിക്കുട്ടി, പി.കെ ബഷീർ, എൻ. ഷംസുദ്ദീൻ, പാറക്കൽ അബ്ദുല്ല, വി.ഇ അബ്ദുൽ ഗഫൂർ എന്നിവരാണ് ലീഗ് പ്രതിനിധികളായി മന്ത്രിസഭയിലേക്ക് എത്തുന്നത്. വടക്കൻ മലബാറിൽ നിന്നും മധ്യകേരളത്തിൽ നിന്നും കൃത്യമായ പ്രാതിനിധ്യം ഉറപ്പാക്കിക്കൊണ്ടാണ് ലീഗ് ഇത്തവണ മന്ത്രിമാരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഇന്ന് വൈകുന്നേരത്തോടെ മുന്നണിതലത്തിൽ വകുപ്പുകൾ സംബന്ധിച്ച ചർച്ചകൾ പൂർത്തിയാകുന്നതോടെ ലീഗ് തങ്ങളുടെ മന്ത്രിമാരുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
മലപ്പുറം ജില്ലയിൽ നിന്ന് രണ്ടിൽ കൂടുതൽ മന്ത്രിമാർ വേണ്ടെന്ന പാർട്ടിയുടെ കർശന തീരുമാനത്തെ തുടർന്നാണ് പ്രമുഖ നേതാവ് കെ.എം ഷാജി അന്തിമ പട്ടികയിൽ നിന്ന് പുറത്തായത്. മലപ്പുറത്ത് നിന്ന് പി.കെ കുഞ്ഞാലിക്കുട്ടിയും പി.കെ ബഷീറും മന്ത്രിമാരാകുന്ന സാഹചര്യത്തിലാണ് ഷാജിയെ ഒഴിവാക്കേണ്ടി വന്നത് എന്നാണ് സൂചന.
അതേസമയം, തിരുവനന്തപുരത്ത് വെച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശൻ പാണക്കാട് സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫിന് എല്ലാ പിന്തുണയും തന്ന നേതാവാണ് പാണക്കാട് സാദിഖലി തങ്ങളെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം വി.ഡി സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് വിദ്വേഷ പ്രചരണം നടത്തി ഭിന്നിപ്പുണ്ടാക്കാൻ പല ശക്തികളും ശ്രമിച്ചുവെന്നും, യുഡിഎഫിന്റെ മതേതര നിലപാടുകൾക്ക് ശക്തിപകരുന്ന പാർട്ടിയാണ് ലീഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിന്റെ വികസനത്തിന് ശക്തി പകരുന്ന നേതാവാണ് വി.ഡി സതീശനെന്ന് പാണക്കാട് സാദിഖലി തങ്ങളും വ്യക്തമാക്കി.






