ബെംഗളൂരു: സോഷ്യൽ മീഡിയയിൽ പെൺകുട്ടിയുടെ പേരിൽ വ്യാജ പ്രൊഫൈൽ സൃഷ്ടിച്ച് ഹണിട്രാപ്പിലൂടെ യുവാവിനെ കുടുക്കി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും കവർന്ന കേസിൽ രണ്ട് വിദ്യാർഥികൾ പോലീസ് പിടിയിൽ. എഞ്ചിനിയറിങ് വിദ്യാർഥിയായ വിവേക്, ബി.എസ്.സി നഴ്സിങ് വിദ്യാർഥിയായ നിഖിൽ എന്നിവരെയാണ് ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്.
ആകെ ആറു ലക്ഷം രൂപ വിലമതിക്കുന്ന 47 ഗ്രാം സ്വർണമാലയും മൊബൈൽ ഫോണുമാണ് യുവാവിൽ നിന്ന് കവർന്നത്. ബെംഗളൂരുവിലെ ഒരു ബിപിഒ കമ്പനിയിൽ ജോലി ചെയ്യുന്ന 26കാരനെയാണ് സംഘം ലക്ഷ്യമിട്ടത്. വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പെൺകുട്ടിയെന്ന വ്യാജേന യുവാവുമായി നിരന്തരം ചാറ്റ് ചെയ്ത് വിശ്വാസം നേടിയ ശേഷമാണ് തട്ടിപ്പ് നടപ്പാക്കിയത്.
പിന്നീട് നേരിൽ കാണാമെന്ന് പറഞ്ഞ് യുവാവിനെ കെ.ആർ. പുരത്തേക്ക് വിളിച്ചുവരുത്തി. സ്ഥലത്തെത്തിയ ഉടൻ പ്രതികൾ യുവാവിന്റെ ബൈക്കിന്റെ താക്കോൽ പിടിച്ചെടുത്ത് തർക്കം ആരംഭിച്ചു. യുവാവ് തങ്ങളുടെ സുഹൃത്തായ പെൺകുട്ടിക്ക് മോശം സന്ദേശങ്ങൾ അയച്ചതായി ആരോപിച്ചായിരുന്നു ആക്രമണം.
ഇതിനിടെ പ്രതികളുടെ മറ്റ് രണ്ട് കൂട്ടാളികൾ കൂടി സ്ഥലത്തെത്തി. തുടർന്ന് യുവാവിനെ ബലമായി ചന്നസാന്ദ്രയിലെ വിജന പ്രദേശത്തേക്ക് കൊണ്ടുപോയി കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയാണ് സ്വർണമാലയും ഫോണും കവർന്നത്.
സംഭവം നടന്നതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഭയന്ന യുവാവ് പോലീസിൽ പരാതി നൽകിയത്. തുടർന്ന് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ വിദ്യാർഥികളായ പ്രതികളെ അറസ്റ്റ് ചെയ്തു. വിറ്റ സ്വർണമാല ഒരു ജ്വല്ലറിയിൽ നിന്ന് പോലീസ് കണ്ടെടുത്തു. കേസിൽ ഉൾപ്പെട്ട മൂന്നാമത്തെ പ്രതിക്കായി പോലീസ് അന്വേഷണം തുടരുകയാണ്.






