ഇന്‍സ്റ്റഗ്രാമില്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ഒരു പുതിയ ഫീച്ചറാണ് ‘ഇന്‍സ്റ്റന്റ്‌സ്’. ഉപയോക്താക്കളുടെ യഥാര്‍ത്ഥ ജീവിതത്തിലെ നിമിഷങ്ങള്‍ പെട്ടെന്ന് പങ്കുവെക്കാന്‍ ലക്ഷ്യമിട്ട് മെയ് 13നാണ് ഈ ഫീച്ചര്‍ പ്ലാറ്റ്ഫോമില്‍ എത്തിയത്. എന്നാല്‍, ഇതിന്റെ പ്രവര്‍ത്തനരീതി കൃത്യമായി മനസ്സിലാകാത്തതിനാല്‍ പലര്‍ക്കും അബദ്ധത്തില്‍ ചിത്രങ്ങള്‍ ഷെയര്‍ ആകുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
എന്താണ് ഇന്‍സ്റ്റന്റ്‌സ്?
ഇന്‍ബോക്‌സിന്റെ താഴെ വലത് കോണിലുള്ള ചെറിയ ഫോട്ടോ സ്റ്റാക്കില്‍ തൊട്ടാല്‍ ഈ ഫീച്ചര്‍ കാണാം. പലരും പങ്കുവെച്ച ചിത്രങ്ങള്‍ ഇതില്‍ കാണാം. ഇടത്തോട്ടോ മുകളിലോട്ടോ സ്ലൈഡ് ചെയ്താല്‍ ക്യാമറ ഓണാകും. ഒറ്റ ടാപ്പില്‍ തന്നെ ഫോട്ടോ എടുത്ത് സുഹൃത്തുക്കള്‍ക്കോ ക്ലോസ് ഫ്രണ്ട്‌സിനോ അയക്കാന്‍ ഇതിലൂടെ സാധിക്കും. വ്യൂവേഴ്സ് ലിസ്റ്റ് ഇതില്‍ കാണില്ല എന്നതും പ്രതികരണങ്ങള്‍ തികച്ചും പ്രൈവറ്റ് ആയിരിക്കും എന്നതുമാണ് ഇതിന്റെ പ്രത്യേകത. 24 മണിക്കൂറാണ് ആയുസ്.
ഫോട്ടോ ക്ലിക്ക് ചെയ്യുന്ന നിമിഷം തന്നെ അത് സുഹൃത്തുക്കളുടെ ലിസ്റ്റിലുള്ള എല്ലാവരിലേക്കും ഓട്ടോമാറ്റിക്കായി പോകും എന്നതാണ് ആളുകളുടെ കുഴപ്പിക്കുന്നത്. മെറ്റ ഇതിനെക്കുറിച്ച് കൃത്യമായ സൂചന നല്‍കാത്തതിനാല്‍ പലരും അറിയാതെയാണ് ചിത്രങ്ങള്‍ പങ്കുവെക്കുന്നത്. ഇന്‍ബോക്‌സില്‍ മറുപടികള്‍ വരുമ്പോഴാണ് പലരും തങ്ങള്‍ ഫോട്ടോ ഷെയര്‍ ചെയ്ത വിവരം പോലും അറിയുന്നത്.
ഷെയര്‍ ആയിപ്പോയാല്‍ എന്ത് ചെയ്യും?
നിങ്ങള്‍ അബദ്ധത്തില്‍ ഒരു ചിത്രം ക്ലിക്ക് ചെയ്താല്‍ ഷട്ടര്‍ ബട്ടണിന് താഴെയുള്ള അണ്‍ഡു (Undo) ബട്ടണില്‍ തൊട്ടാല്‍ മതിയാകും. അപ്പോള്‍ അണ്‍ഷെയര്‍ഡ് (Unshared) എന്ന് കാണിക്കുകയും ചിത്രം ഡിലീറ്റ് ആകുകയും ചെയ്യും.
ഇന്‍സ്റ്റന്റ്‌സ് ഒഴിവാക്കാന്‍ എന്ത് ചെയ്യാം?
പ്രൊഫൈല്‍ എടുത്ത ശേഷം മുകളില്‍ വലത് കോണിലുള്ള മെനു (Three lines) ക്ലിക്ക് ചെയ്ത് സെറ്റിങ്‌സില്‍ (Settings) പോവുക. താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ‘Content Preferences’ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇതില്‍ ഏറ്റവും താഴെ കാണുന്ന ‘Hide instants in inbox’ എന്ന ഓപ്ഷന്‍ ഓണ്‍ (Toggle on) ചെയ്തു വെക്കുക. ഇതോടെ ഇന്‍ബോക്‌സില്‍ നിന്ന് ഈ ഫീച്ചര്‍ അപ്രത്യക്ഷമാകും.






