കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഏഴുമാസം ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത്. മരിച്ച സോനയുടെ ഭർത്താവ് രജിൻ ലാലുമായി നേരത്തെ കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അപകടവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ നിലനിൽക്കുന്നതായും ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവും കുടുംബം മുന്നോട്ടുവച്ചു.
വെള്ളിയാഴ്ച രാത്രി ഒമ്പതോടെ ചെറുവണ്ണൂർ കക്കറമുക്ക് ഭാഗത്ത് വെച്ചാണ് അപകടം ഉണ്ടായത്. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചതിനെ തുടർന്ന് ചെറുവണ്ണൂർ പുത്തൻചാലിൽ രജിൻ ലാലിന്റെ ഭാര്യ സോനയാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ രജിൻ ലാൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രിയിൽ പോയി മടങ്ങുന്നതിനിടെയായിരുന്നു അപകടം.
കാറിന്റെ പിൻസീറ്റിലായിരുന്നു സോന ഇരുന്നത്. 2016 മോഡൽ പെട്രോൾ കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ ഉയർന്നതെന്നാണ് പ്രാഥമിക വിവരം. വലിയ ശബ്ദവും ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. മുൻവശത്തേക്ക് തീ കാര്യമായി പടർന്നിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. സോന ഇരുന്ന ഭാഗത്തുനിന്നാണ് തീ പടർന്നതും പൊട്ടിത്തെറി ഉണ്ടായതുമെന്നത് ദുരൂഹത വർധിപ്പിക്കുന്നതായി കുടുംബം ആരോപിക്കുന്നു.
സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും ഫോറൻസിക് സംഘവും അന്വേഷണം തുടരുകയാണ്. പെട്രോൾ ടാങ്കിലെ ചോർച്ചയോ മറ്റ് സാങ്കേതിക തകരാറുകളോ അപകടത്തിന് കാരണമായിരിക്കാമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പ്രാഥമിക നിഗമനം. എന്നാൽ വിശദമായ പരിശോധനകൾക്കുശേഷം മാത്രമേ വ്യക്തമായ നിഗമനത്തിലെത്താനാകൂവെന്ന് അധികൃതർ വ്യക്തമാക്കി.
കത്തിയ കാറിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഫോറൻസിക് പരിശോധനാഫലം ലഭിച്ച ശേഷമേ അപകടകാരണം വ്യക്തമാകുകയുള്ളുവെന്നും അറിയിച്ചു.സോനയുടെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.






