തിരുവനന്തപുരം: കോൺഗ്രസ് മന്ത്രിപ്പട്ടികയെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വങ്ങൾക്കിടെ രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച സമവായ നിർദേശം ഹൈക്കമാൻഡ് അംഗീകരിച്ചതായി സൂചന. ഇതനുസരിച്ച് ഐ.സി. ബാലകൃഷ്ണനും കെ.എ. തുളസിയും മന്ത്രിമാരാകാനാണ് സാധ്യത. ഇരുവരും ടേം വ്യവസ്ഥയിൽ മന്ത്രിസ്ഥാനം പങ്കിടുമെന്ന വിവരമാണ് പാർട്ടി വൃത്തങ്ങളിൽ നിന്നു പുറത്തുവരുന്നത്.
മന്ത്രിസഭാ രൂപീകരണ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തിയ സാഹചര്യത്തിൽ, തനിക്ക് ഇപ്പോഴും പൂർണ പ്രതീക്ഷയുണ്ടെന്ന് ഐ.സി. ബാലകൃഷ്ണൻ പ്രതികരിച്ചു. എഐസിസിയുടെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും, പാർട്ടിയിലെ പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം കോൺഗ്രസ് നേതൃത്വം അവഗണിക്കില്ലെന്ന വിശ്വാസമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പട്ടികവർഗ വിഭാഗത്തിന് മതിയായ പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി ഐ.സി. ബാലകൃഷ്ണൻ നേരത്തേ തന്നെ രംഗത്തുണ്ടായിരുന്നു. രമേശ് ചെന്നിത്തലയുടെ ഇടപെടലിലൂടെ തർക്കങ്ങൾക്ക് ഭാഗിക പരിഹാരമായെങ്കിലും ഹൈക്കമാൻഡിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷമേ അന്തിമ ചിത്രം വ്യക്തമാകൂ.
അതേസമയം, പുതിയ മന്ത്രിസഭയിൽ കോൺഗ്രസ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിക്കുള്ളിലെ ഭിന്നത തുടരുകയാണ്. വിവിധ ഗ്രൂപ്പുകൾ തങ്ങളുടെ നേതാക്കൾക്കായി ശക്തമായ സമ്മർദ്ദമാണ് ചെലുത്തുന്നത്. ഷാനിമോൾ ഉസ്മാൻ, ടി. സിദ്ദിഖ്, അൻവർ സാദത്ത് എന്നിവരെ മന്ത്രിമാരാക്കണമെന്ന ആവശ്യവും ശക്തമാണ്.
ഇതിനിടെ മന്ത്രിസ്ഥാനമോ അല്ലെങ്കിൽ സ്പീക്കർ പദവിയോ വേണമെന്നാവശ്യപ്പെട്ട് മുതിർന്ന നേതാവ് എൻ. ശക്തനും രംഗത്തെത്തിയതോടെ ചർച്ചകൾ കൂടുതൽ സങ്കീർണ്ണമായി. രാഷ്ട്രീയ ഗ്രൂപ്പുകളുടെ സമ്മർദ്ദങ്ങൾക്ക് പുറമെ സാമുദായിക സംഘടനകളുടെയും ആവശ്യങ്ങൾ നേതൃത്വത്തിന് മുന്നിലുണ്ട്. ചാണ്ടി ഉമ്മനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭയും പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.






