പത്തനംതിട്ട: സഹപാഠികൾ പീഡിപ്പിച്ചുവെന്ന 13കാരിയുടെ വ്യാജ പരാതിയുമായി ബന്ധപ്പെട്ട കേസിൽ കസ്റ്റഡിയിലെടുത്ത തന്നെ പൊലീസ് ക്രൂരമായി മർദിച്ചുവെന്ന് ആരോപിച്ച് 20കാരൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. കൂടൽ എസ്‌ഐ ജയമോഹനും സംഘവും മർദിച്ചതായാണ് യുവാവിന്റെ ആരോപണം.
സിവിൽ വേഷത്തിൽ വീട്ടിലെത്തിയ പൊലീസ് ബലപ്രയോഗത്തിലൂടെ തന്നെ കസ്റ്റഡിയിൽ എടുത്ത് വാഗണർ കാറിൽ കൊണ്ടുപോയെന്നും നിയമവിരുദ്ധമായി ചോദ്യം ചെയ്തെന്നും യുവാവ് പരാതിയിൽ പറയുന്നു. ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണെന്ന് അറിയിച്ചിട്ടും പൊലീസ് അവഗണിച്ചതായും ആരോപിച്ചു.
ലാത്തി ഉപയോഗിച്ച് കാൽവെള്ളയിൽ അടിക്കുകയും, ബൂട്ടിട്ട് ചവിട്ടുകയും, ചെവിയിൽ പിടിച്ച് ശക്തമായി വലിച്ചുയർത്തുകയും ചെയ്തതിലൂടെ ഗുരുതര പരിക്കേറ്റുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു. ജൂലൈ 4-ന് വൈകിട്ട് 6 മണിയോടെ തന്നെ വിട്ടയച്ചതായും യുവാവ് പറയുന്നു. സംഭവത്തിൽ ബന്ധപ്പെട്ട പൊലീസുകാർക്കെതിരെയും വ്യാജ പരാതി നൽകിയവർക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പൊലീസ് മർദന ആരോപണം ഉയർന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക വിമർശനം ഉയർന്നിട്ടുണ്ട്. കുറ്റക്കാരായ പൊലീസുകാരെ പിരിച്ചുവിടണമെന്ന ആവശ്യം ശക്തമാണ്. വിഷയത്തിൽ സിപിഐഎം, ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് കൂടൽ പൊലീസ് സ്റ്റേഷൻ ഉപരോധിക്കും.
യുവാവിന്റെ സഹോദരനും സംഭവത്തിന്റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചിട്ടുണ്ട്. ജിമ്മിൽ നിന്നാണ് പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്നും വീട്ടിലെത്തിച്ച് പിന്നീട് അനുജനെ കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിന് തുടക്കമായ 13കാരിയുടെ പീഡന പരാതി വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പെൺകുട്ടി മജിസ്ട്രേറ്റിന് മുന്നിൽ മൊഴി മാറ്റിയതോടെയാണ് സംഭവം വ്യാജമാണെന്ന് വ്യക്തമായത്. സഹപാഠിയോടുള്ള പ്രണയ നിരസനത്തെ തുടർന്ന് നൽകിയ പരാതിയാണിതെന്നും വൈദ്യപരിശോധനയിൽ പീഡനം നടന്നിട്ടില്ലെന്നും റിപ്പോർട്ടുകളിൽ വ്യക്തമാക്കുന്നു.











