മലപ്പുറം: കൊണ്ടോട്ടിയിൽ സഹോദരനെ കൊലപ്പെടുത്തി അനുജൻ. ഒഴുകൂർ നെരവത്ത് നൂർ മൻസിലിൽ ചിറ്റങ്ങാടൻ മുഹമ്മദ് റഫീഖ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ അനുജനായ ചിറ്റങ്ങാടൻ സാജിദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സ്വത്ത് തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം ഉണ്ടായതിനെ തുടർന്ന് ഇത് സംഘർഷത്തിലേക്ക് മാറുകയായിരുന്നു എന്നാണ് വിവരം.
തർക്കത്തിനിടെ കത്തിയെടുത്ത് ആക്രമിച്ചതായി സൂചനയുണ്ട്. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റഫീഖ് സംഭവസ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടുവെന്നാണ് റിപ്പോർട്ട്. മരണ കാരണം പോസ്റ്റ്മോർട്ടത്തിന് ശേഷമേ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.











