പൂനെ: ആൺകുഞ്ഞ് ലഭിക്കാത്തതിന്റെ പേരിൽ ഉണ്ടായ പ്രകോപനത്തെ തുടർന്ന് പൂനെയിൽ ഭാര്യയ്‌ക്കെതിരെ ഭർത്താവിന്റെ ക്രൂരമായ ആക്രമണം. ശുചിമുറി വൃത്തിയാക്കാൻ ഉപയോഗിക്കുന്ന ആസിഡ് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ ഒഴിച്ചതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ മുപ്പതുകാരി ഗുരുതരമായി പരിക്കേറ്റു. വെൽഡറായി ജോലി ചെയ്യുന്ന ഭർത്താവിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഏപ്രിൽ 20-നാണ് സംഭവം നടന്നത്. ആക്രമണത്തിന് ശേഷം യുവതിക്ക് ചികിത്സ നിഷേധിക്കുകയും, വിവരം പുറത്തറിയാതിരിക്കാൻ അവരെ വീട്ടിൽ പൂട്ടിയിടുകയും ചെയ്തതായാണ് പരാതി. ദിവസങ്ങളോളം തടങ്കലിൽ പാർപ്പിച്ചിരുന്നുവെന്നും ആരോപണമുണ്ട്.
മെയ് 9-ന് ഭർത്താവ് ജോലിക്ക് പോയ സമയത്ത് യുവതി വീട്ടിൽ നിന്ന് രക്ഷപ്പെട്ടു മാതാപിതാക്കളുടെ അടുത്തെത്തി വിവരം അറിയിച്ചു. തുടർന്ന് മെയ് 14-ന് അവർ പൊലീസിൽ പരാതി നൽകി. മെയ് 15-ന് മെഡിക്കൽ പരിശോധനകൾക്ക് പിന്നാലെ പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ദമ്പതികൾക്ക് രണ്ട് പെൺമക്കളുണ്ട്. ആൺകുഞ്ഞ് ഇല്ലാത്തതിന്റെ പേരിൽ യുവതിയെ നിരന്തരം മാനസികവും ശാരീരികവുമായി പീഡിപ്പിച്ചിരുന്നതായും പരാതിയിൽ പറയുന്നു. കൂടാതെ വിവാഹേതര ബന്ധം ആരോപിച്ചും പ്രതി ആക്രമണം നടത്തിയതായും യുവതി ആരോപിക്കുന്നു. കേസിൽ പൊലീസ് അന്വേഷണം തുടരുകയാണ്.






