കോഴിക്കോട്: ഓഹരി വിപണിയിൽ അമിതലാഭം വാഗ്ദാനം ചെയ്ത് ഓൺലൈൻ തട്ടിപ്പ് സംഘം കോഴിക്കോട് മാളിക്കടവ് സ്വദേശിയിൽ നിന്ന് 92 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. വാട്സാപ്പ് ഗ്രൂപ്പുകൾ വഴിയാണ് 61കാരനെ പ്രതികൾ വലയിലാക്കിയത്. മാർച്ച് 10 മുതൽ ഈ മാസം 4 വരെ നടന്ന ഇടപാടുകളിലൂടെയാണ് തട്ടിപ്പ് നടന്നതെന്നാണ് പരാതി.
വാട്സാപ്പ് ഗ്രൂപ്പുകളിൽ ചേർത്തതിന് പിന്നാലെ വിവിധ ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയും ഓഹരി നിക്ഷേപത്തിന്റെ പേരിൽ രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി പല അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയുമായിരുന്നു. ഉയർന്ന ലാഭം ലഭിക്കുമെന്ന വാഗ്ദാനമാണ് പ്രതികൾ മുന്നോട്ടുവച്ചത്.
സംഭവത്തിൽ കോഴിക്കോട് സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിക്കാരനിൽ നിന്ന് ലഭിച്ച വാട്സാപ്പ് ഗ്രൂപ്പുകളുടെ വിവരങ്ങൾ, മൊബൈൽ നമ്പറുകൾ, ഇൻസ്റ്റാൾ ചെയ്യിപ്പിച്ച ആപ്പുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.






