തിരുവനന്തപുരം: പുതിയ സർക്കാർ വാക്ക് പാലിച്ചതിന്റെ സന്തോഷത്തിലാണ് ആശമാർ. ആശമാര്‍ക്ക് ഓണറേറിയം വര്‍ധിപ്പിക്കുമെന്ന തീരുമാനത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആശ സമര സമിതി നേതാവ് എസ് മിനി. ഒരു വര്‍ഷക്കാലം നടത്തിയ സമരത്തിന്റെ വിജയമാണിതെന്ന് മിനി പറഞ്ഞു. 21,000 എന്ന അടിസ്ഥാന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും മിനി കൂട്ടിച്ചേർത്തു.
കുറച്ചുകൂടി തുക ഉയര്‍ത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ആദ്യഘട്ടത്തില്‍ ആണ് 3,000 രൂപ വര്‍ദ്ധിപ്പിക്കുന്നത്. ഇതോടെ ആശമാരുടെ ഓണറേറിയം 12,000 രൂപയാകും. നിലവില്‍ 9000ത്തില്‍ നിന്ന് 12,000ത്തില്‍ എത്തി. 21,000 രൂപയാണ് ഡിമാന്‍ഡ്. ആ ഡിമാന്‍ഡില്‍ ഉറച്ച് നില്‍ക്കുന്നു. ഘട്ടം ഘട്ടമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ തുക ലഭിക്കും എന്നാണ് പ്രതീക്ഷയെന്നും എസ് മിനി പറഞ്ഞു.






