മുംബൈ: മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് ജീവനക്കാർ ശമ്പള വർധനവ് ആവശ്യപ്പെട്ട് നടത്തിയ മിന്നൽ സമരത്തെ തുടർന്ന് യാത്രക്കാർ വലഞ്ഞു. നിരവധി വിമാനങ്ങൾ വൈകുകയും യാത്രക്കാർ മണിക്കൂറുകളോളം വിമാനത്തിനകത്തും പുറത്തും കുടുങ്ങുകയും ചെയ്തു. മുംബൈയിൽ നിന്നുള്ള 15-ഓളം വിമാനങ്ങൾ 90 മിനിറ്റ് മുതൽ രണ്ട് മണിക്കൂർ വരെ വൈകിയെന്നാണ് പുറത്തുവരുന്ന വിവരം.
ഹൈദരാബാദിൽ നിന്ന് മുംബൈയിൽ എത്തിയ വിമാനത്തിലെ യാത്രക്കാർക്ക് വിമാനം ലാൻഡ് ചെയ്ത ശേഷം ഒരു മണിക്കൂറോളം പുറത്തിറങ്ങാൻ കഴിഞ്ഞില്ല. വിമാനത്തിന്റെ വാതിൽ തുറക്കാനോ ഗോവണി എത്തിക്കാനോ ഗ്രൗണ്ട് സ്റ്റാഫ് ഇല്ലാത്തതിനാലായിരുന്നു ഇത്തരത്തിലുള്ള തടസ്സം നേരിട്ടത്. സമരം കാരണം ലഗേജുകൾ കൈമാറുന്നതും തടസ്സപ്പെട്ടു. പല യാത്രക്കാർക്കും ലാൻഡ് ചെയ്ത് മണിക്കൂറുകൾ കഴിഞ്ഞാണ് തങ്ങളുടെ ബാഗുകൾ തിരികെ ലഭിച്ചത്. പിന്നീട്, മാനേജ്മെൻ്റ് ചർച്ച നടത്തി ഉറപ്പ് നൽകിയതോടെയാണ് സമരം അവസാനിച്ചത്.






