ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെയും വധിക്കുന്നവർക്ക് 5.8 കോടി ഡോളർ (ഏകദേശം 558 കോടി രൂപ) പ്രതിഫലം നൽകാൻ ഇറാൻ നീക്കം നടത്തുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട നിയമനിർമാണത്തിനായി ഇറാൻ പാർലമെന്റ് പ്രത്യേക ബിൽ തയ്യാറാക്കുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ വയർ, ദി ടെലിഗ്രാഫ് തുടങ്ങിയ മാധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടത്.
‘കൗണ്ടർ-ആക്ഷൻ ബൈ ദി മിലിറ്ററി ആൻഡ് സെക്യൂരിറ്റി ഫോഴ്‌സസ് ഓഫ് ദി ഇസ്‌ലാമിക് റിപ്പബ്ലിക്’ എന്ന പേരിലുള്ള ബില്ലാണ് തയ്യാറാക്കുന്നതെന്ന് ഇറാൻ പാർലമെന്റിന്റെ നാഷണൽ സെക്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസി അറിയിച്ചു. ട്രംപ്, നെതന്യാഹു എന്നിവരെ ലക്ഷ്യമിടുന്നവർക്ക് ഈ തുക ഔദ്യോഗികമായി നൽകുന്ന തരത്തിലാണ് ബില്ലിലെ വ്യവസ്ഥകൾ.
ഫെബ്രുവരി 28ന് ഇറാനിൽ നടന്ന വ്യോമാക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കൊല്ലപ്പെട്ടതിന്റെ പ്രതികാരമായാണ് ഈ നീക്കം എന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആക്രമണത്തിന് പിന്നിൽ ട്രംപ്, നെതന്യാഹു, യുഎസ് സെൻട്രൽ കമാൻഡ് കമാൻഡർ അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരാണെന്ന് ഇറാൻ ആരോപിക്കുന്നു.
ഇറാൻ നാഷണൽ സെക്യൂരിറ്റി കമ്മിഷൻ അംഗം മഹ്മൂദ് നബാവിയാൻ, ഈ നേതാക്കളെ ലക്ഷ്യമിടുന്നവർക്ക് പ്രതിഫലം നൽകുമെന്ന് പ്രസ്താവിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇറാന്റെ ഈ നീക്കം യുഎസ്, ഇസ്രയേൽ, ഇറാൻ ബന്ധങ്ങളിൽ കൂടുതൽ സംഘർഷം സൃഷ്ടിക്കാനിടയുണ്ടെന്ന് വിലയിരുത്തപ്പെടുന്നു. നേരത്തെ തനിക്കെതിരെ ഇറാൻ വധശ്രമം നടത്തിയാൽ കടുത്ത പ്രതികരണം ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.






