കുവൈത്ത് സിറ്റി: കുവൈത്തിൽ മയക്കുമരുന്ന് കടത്ത് കേസിൽ 48കാരൻ അറസ്റ്റിലായി. കുവൈത്ത് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ജനറൽ ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.
സുരക്ഷാ പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി പ്രായപൂർത്തിയാകാത്ത മകനെ പ്രതി സ്ഥിരമായി കൂടെക്കൂട്ടാറുണ്ടായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കച്ചവടത്തിൽ ഇയാൾ സജീവമാണെന്നും, മകനെ മറയാക്കി യാത്ര ചെയ്യുന്നുവെന്നുമുള്ള രഹസ്യവിവരത്തെ തുടർന്നാണ് പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.
ദിവസങ്ങളായുള്ള നിരീക്ഷണത്തിന് ശേഷം ഹവല്ലി മേഖലയിൽ വെച്ച് സുരക്ഷാസേന വാഹനം തടഞ്ഞ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനത്തിൽ നടത്തിയ പരിശോധനയിൽ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന വൻതോതിലുള്ള മാരക മയക്കുമരുന്നുകളും കണ്ടെത്തി.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് വിവരം. കേസ് തുടർനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. പ്രതിക്കൊപ്പമുണ്ടായിരുന്ന പ്രായപൂർത്തിയാകാത്ത മകനെ നിയമനടപടികൾക്കായി ജുവനൈൽ പ്രോസിക്യൂഷന് കൈമാറിയതായി കുവൈത്ത് സുരക്ഷാ അധികൃതർ അറിയിച്ചു.






