കാസര്‍കോട്: മന്ത്രി കെ.എം. ഷാജിക്കെതിരെ വാട്‌സാപ് ഗ്രൂപ്പിൽ അധിക്ഷേപപരമായ സന്ദേശം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി നീക്കം. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്തിനെതിരെയാണ് അന്വേഷണം ആരംഭിച്ചത്.
കാസർകോട് ജില്ലയിലെ ‘പൊലീസ് ഫ്രണ്ട്സ്’ എന്ന വാട്‌സാപ് ഗ്രൂപ്പിലാണ് കെ.എം. ഷാജിയെ വർഗീയവാദിയെന്ന് വിശേഷിപ്പിക്കുന്ന സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ ഷാജിക്ക് കഴിയില്ലെന്ന തരത്തിലുള്ള പരാമർശങ്ങളും സന്ദേശത്തിലുണ്ടായിരുന്നു.
സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ എത്തിയതും വിവിധ നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചതുമെല്ലാം പരാമർശിച്ച ശേഷമാണ് കെ.എം. ഷാജിയെ ലക്ഷ്യമിട്ട് വിമർശനങ്ങൾ ഉയർത്തിയത്. സന്ദേശത്തിൽ അപകീർത്തികരവും വ്യക്തിപരവുമായ പരാമർശങ്ങൾ ഉൾപ്പെട്ടിരുന്നു.
സംഭവത്തിൽ സ്‌പെഷ്യൽ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് കൈമാറി. റിപ്പോർട്ട് ലഭിച്ചതായും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.






