ഇസ്ലാമാബാദ്: ഇന്ത്യയിലെ രണ്ട് സൈനിക താവളങ്ങൾ തകർത്തുവെന്ന പാകിസ്താൻ സൈന്യത്തിന്റെ അവകാശവാദം വിവാദമായി. പാകിസ്താൻ സൈനിക ഉദ്യോഗസ്ഥനായ ക്യാപ്റ്റൻ മുനീബ് സമാലിന്റെ പ്രസ്താവനയ്ക്കെതിരെയാണ് വ്യാപക വിമർശനം ഉയരുന്നത്. കഴിഞ്ഞ വർഷം ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിൽ പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കും സൈനിക താവളങ്ങൾക്കും നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിന് മറുപടിയായാണ് പാകിസ്താൻ ‘ഓപ്പറേഷൻ ബുന്യാനുൽ മർസൂസ്’ എന്ന പേരിൽ ആക്രമണം നടത്തിയതെന്ന് പാക് സൈന്യം അവകാശപ്പെടുന്നത്. ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിലെ ലക്ഷ്യങ്ങൾ ആക്രമിച്ചതായും പാക് സൈന്യം പറയുന്നു. ഫതഹ്-1 മിസൈൽ ഉപയോഗിച്ച് ഇന്ത്യയിലെ രജൗരി, മാമുൻ എന്നീ വ്യോമതാവളങ്ങൾ തകർത്തുവെന്നായിരുന്നു ക്യാപ്റ്റൻ മുനീബ് സമാലിന്റെ അവകാശവാദം. എന്നാൽ ഇത്തരത്തിലുള്ള വ്യോമതാവളങ്ങൾ ഇന്ത്യയിൽ ഇല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ഒരു പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അവകാശവാദം ഉന്നയിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വാസ്തവവിരുദ്ധമായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നാരോപിച്ച് പാക് സൈന്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ വിമർശനമാണ് ഉയരുന്നത്.




