ജനീവ: ഡി.ആർ. കോംഗോയിൽ എബോള രോഗവ്യാപനം രൂക്ഷമാകുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. രോഗവ്യാപനത്തിന്റെ വ്യാപ്തി വലിയ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ഇതിനകം 130-ലേറെ പേർ മരിച്ചതായും നൂറുകണക്കിന് ആളുകൾക്ക് രോഗബാധ ഉണ്ടായതായും അദ്ദേഹം ലോകാരോഗ്യ അസംബ്ലിയിൽ അറിയിച്ചു. നിലവിലെ കണക്കുകൾ പ്രകാരം 516 പേർക്ക് രോഗബാധ ഉണ്ടായതായി സംശയിക്കുന്നു. എബോളയുടെ അപൂർവ വകഭേദമായ ‘ബൂൻഡിബുഗോ’യാണ് മധ്യ, കിഴക്കൻ ആഫ്രിക്കയിലെ രോഗവ്യാപനത്തിന് കാരണമാകുന്നത്. ആരോഗ്യപ്രവർത്തകർ സ്ഥലതലത്തിൽ പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം കൂടാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
ആരോഗ്യപ്രവർത്തകർക്കിടയിലും രോഗവ്യാപനം റിപ്പോർട്ട് ചെയ്തിരിക്കുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുന്നതാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ആശുപത്രികളും ക്ലിനിക്കുകളും കേന്ദ്രീകരിച്ച് രോഗം പടരുന്നത് അണുബാധ നിയന്ത്രണത്തിൽ കൂടുതൽ ജാഗ്രത വേണമെന്ന സൂചനയാണെന്നും സംഘടന പറഞ്ഞു.
രോഗവ്യാപനം നിയന്ത്രിക്കാൻ ലോകാരോഗ്യ സംഘടന 37 കോടി രൂപയുടെ സാമ്പത്തിക സഹായത്തിനും അനുമതി നൽകിയിട്ടുണ്ട്. കോംഗോ, യുഗാണ്ട തുടങ്ങിയ രാജ്യങ്ങളുമായി സമ്പർക്കത്തിലുള്ളവരെ കണ്ടെത്തൽ, ലാബ് പരിശോധനകൾ വർധിപ്പിക്കൽ, ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകൽ തുടങ്ങിയ നടപടികൾ ശക്തമാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
രോഗബാധിതരുടെ ശവസംസ്കാര ചടങ്ങുകൾ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെ നടത്തിയാൽ രോഗവ്യാപനം കൂടാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്. രോഗബാധിതരും സമ്പർക്കത്തിലുള്ളവരും മെഡിക്കൽ അനുമതി ലഭിക്കുന്നതുവരെ അന്താരാഷ്ട്ര യാത്രകൾ ഒഴിവാക്കണമെന്നും ലോകാരോഗ്യ സംഘടന നിർദേശിച്ചു.
എബോള വൈറസിന്റെ ആറ് വകഭേദങ്ങളിൽ ഒന്നായ ബൂൻഡിബുഗോയ്ക്ക് ഇതുവരെ വാക്സിനോ പ്രത്യേക ചികിത്സയോ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഈ വകഭേദത്തെ ലോകാരോഗ്യ സംഘടന അത്യന്തം അപകടകാരിയായതായി വിശേഷിപ്പിക്കുന്നു. 2014 മുതൽ 2016 വരെ പടിഞ്ഞാറൻ ആഫ്രിക്കയിൽ ഉണ്ടായ എബോള വ്യാപനത്തിൽ 28,600-ൽ അധികം പേർക്ക് രോഗം ബാധിച്ചിരുന്നു. 1976-ൽ രോഗം കണ്ടെത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ വ്യാപനമായിരുന്നു അത്. 2018 മുതൽ 2020 വരെ കോംഗോയിൽ മാത്രം 2300 പേർ എബോള ബാധിച്ച് മരിച്ചിരുന്നു.






