തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 45 രൂപയും ഒരു പവന് 360 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,17,280 രൂപയായി ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 14,660 രൂപയാണ് ഇപ്പോഴത്തെ നിരക്ക്. ഇന്നലെ രാവിലെ 1,16,120 രൂപയായിരുന്ന പവൻ വില, വൈകുന്നേരത്തോടെ 1,16,920 രൂപയായി ഉയർന്നിരുന്നു. 24 മണിക്കൂറിനുള്ളിൽ മാത്രം 1,160 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. സ്വർണവിലയ്‌ക്കൊപ്പം വെള്ളി വിലയും ഉയർന്നു. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും ഒരു പവൻ വെള്ളിക്ക് 2,850 രൂപയുമാണ് ഇപ്പോഴത്തെ വ്യാപാര നിരക്ക്.
മെയ് 13-ന് കേന്ദ്ര സർക്കാർ സ്വർണ ഇറക്കുമതി ചുങ്കം വർധിപ്പിച്ചതിന് പിന്നാലെ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായത്. അന്ന് ഒറ്റയടിക്ക് ഏകദേശം 10,200 രൂപയുടെ വർധനവുണ്ടായിരുന്നു. ഈ മാസത്തിലെ ഏറ്റവും ഉയർന്ന വില 1,23,120 രൂപയായി രേഖപ്പെടുത്തിയിരുന്നു.
സ്വർണ ഇറക്കുമതി ചുങ്കം 6 ശതമാനത്തിൽ നിന്ന് 15 ശതമാനമായി വർധിപ്പിച്ചതാണ് വില ചാഞ്ചാട്ടത്തിന് കാരണമെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ. ഇറക്കുമതി കുറയ്ക്കാനാണ് ഈ നീക്കം എങ്കിലും, ഇത് കള്ളക്കടത്ത് വർധിപ്പിക്കാനിടയാക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) മുന്നറിയിപ്പ് നൽകി.
അഡ്വ. അബ്ദുൽ നാസർ, കെ. സുരേന്ദ്രൻ, സി.വി. കൃഷ്ണദാസ് എന്നിവർ വിഷയത്തിൽ പ്രതികരിച്ചു. മുൻകാലങ്ങളിൽ ഇറക്കുമതി ചുങ്കം വ്യത്യാസപ്പെട്ടപ്പോൾ സ്വർണ ഇറക്കുമതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടായിരുന്നുവെന്നും അവർ വ്യക്തമാക്കി.






