ന്യൂഡൽഹി: നീറ്റ്-യുജി ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ അറസ്റ്റിലായ അധ്യാപിക മനീഷ ഗുരുനാഥ് മന്ധാരെയും കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണിയും ചോദ്യപ്പേപ്പർ തയ്യാറാക്കുന്നതിനൊപ്പം വിവർത്തനത്തിലും പങ്കാളികളായിരുന്നുവെന്ന് സിബിഐ കണ്ടെത്തി.
പുണെയിലെ മോഡേൺ കോളേജ് ഓഫ് ആർട്സിലെ ബയോളജി അധ്യാപികയായ മനീഷയെ കഴിഞ്ഞ ആഴ്ച ഡൽഹിയിൽ നിന്നാണ് സിബിഐ അറസ്റ്റ് ചെയ്തത്. ബോട്ടണി, സുവോളജി വിഭാഗങ്ങളിലെ ചോദ്യങ്ങൾ മനീഷ വിവർത്തനം ചെയ്തിരുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ലാത്തൂരിലെ ദയാനന്ദ് ജൂനിയർ കോളേജിലെ വിരമിച്ച കെമിസ്ട്രി ലക്ചറർ പി.വി. കുൽക്കർണി ചോദ്യപ്പേപ്പർ മറാത്തിയിലേക്ക് വിവർത്തനം ചെയ്യുന്നതിൽ പങ്കെടുത്തിരുന്നുവെന്നും സിബിഐ വ്യക്തമാക്കുന്നു. വിവർത്തനത്തിന്റെ ഭാഗമായി ലഭിച്ച ചോദ്യപ്പേപ്പറുകൾ ചോർത്തി വിൽക്കാൻ മനീഷ മന്ധാരെ, മനീഷ വാഗ്‌മറെ, കുൽക്കർണി എന്നിവർ ചേർന്ന് ഗൂഢാലോചന നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
ചില പ്രത്യേക ചോദ്യങ്ങൾ വിവർത്തനം ചെയ്യാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി ആവശ്യപ്പെട്ടതോടെയാണ് പ്രതികൾക്ക് ചോദ്യപ്പേപ്പറുകളിലേക്ക് നേരിട്ടുള്ള പ്രവേശനം ലഭിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ഇംഗ്ലീഷിന് പുറമെ 12 പ്രാദേശിക ഭാഷകളിലായി നീറ്റ്-യുജി പരീക്ഷ നടത്തുന്നതിനാൽ ഓരോ ഭാഷയ്ക്കുമായി രണ്ട് വിവർത്തകരെ എൻടിഎ നിയോഗിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ചോദ്യപ്പേപ്പർ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കണമെന്ന പേരിൽ ചോദ്യങ്ങൾ തയ്യാറാക്കുന്ന വിദഗ്‌ധർക്കുതന്നെ വിവർത്തന ചുമതലയും നൽകിയതാണ് സുരക്ഷാ വീഴ്ചയ്ക്ക് കാരണമായതെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. അന്തിമരൂപത്തിലുള്ള ചോദ്യപ്പേപ്പറുകളാണ് വിവർത്തനത്തിനായി ഇവരുടെ കൈകളിലെത്തിയിരുന്നത്.
കെമിസ്ട്രി, ബയോളജി, ഫിസിക്സ് വിഷയങ്ങളിലായി 180 ചോദ്യങ്ങളാണ് നീറ്റ് പരീക്ഷയിൽ ഉൾപ്പെടുന്നത്. എൻടിഎ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ കെമിസ്ട്രിയിലെ മുഴുവൻ ചോദ്യങ്ങളും ബയോളജി വിഭാഗത്തിലെ ചില ചോദ്യങ്ങളും ചോർന്നതായി കണ്ടെത്തിയിരുന്നു. ഇവ പിന്നീട് പ്രചരിച്ച ‘ഗസ് പേപ്പർ’ ചോദ്യങ്ങളുമായി ഒത്തുപോകുന്നതായും ഏജൻസി സ്ഥിരീകരിച്ചു.






