റിയാദ്: സൗദിയിലെ അൽ ഖസീം പ്രവിശ്യയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളിയുൾപ്പെടെ രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് നെന്മാറ പോത്തുണ്ടി നെല്ലിക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫ് (30), പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീൻ (32) എന്നിവരാണ് മരിച്ചത്.
ഖസീം പ്രവിശ്യയിലെ ബുറൈദയ്ക്ക് സമീപം സലാം പ്രദേശത്ത്, ക്വാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഇന്ന് രാവിലെ 11.40ഓടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ഇരുവരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. മൃതദേഹങ്ങൾ സമീപത്തെ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മരിച്ച ഷനൂബ് മുഹമ്മദ് ഷെരീഫ് അതിരുപ്പ-ഫാത്തിമ ദമ്പതികളുടെ മകനാണ്.






