തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് ഇനി മുതല്‍ പെന്‍ഷന് നാലു വര്‍ഷം സര്‍വീസ് നിര്‍ബന്ധമാക്കി. നിലവില്‍ രണ്ടുവര്‍ഷം സര്‍വീസുണ്ടെങ്കില്‍ അര്‍ഹതയുണ്ടായിരുന്നു. രണ്ടു വര്‍ഷത്തില്‍ കൂടുതലുണ്ടെങ്കില്‍ മൂന്നു വര്‍ഷമായി കണക്കാക്കിയും പെന്‍ഷന്‍ നല്‍കിയിരുന്നു. ഇതെല്ലാം ഇനി മാറും. ഇടയ്ക്കിടെ സ്റ്റാഫിനെ മാറ്റുന്ന രീതിയും അവസാനിക്കും. ഒരു മന്ത്രിസഭയുടെ ഏതാണ്ട് ഭൂരിഭാഗം കാലത്തും സര്‍വീസ് ഉണ്ടെങ്കില്‍ മാത്രം പെന്‍ഷന്‍ നല്‍കിയാല്‍ മതിയെന്നാണ് വി ഡി സതീശന്‍ സര്‍ക്കാരിന്റെ തീരുമാനം. അങ്ങനെ വരുമ്പോള്‍ ടേം വ്യവസ്ഥയിലുള്ള മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ ഇത് ബാധിക്കും.
രണ്ടുവര്‍ഷം കഴിയുമ്പോള്‍ നിലവിലുള്ളവരെ ഒഴിവാക്കി പുതിയ ആളുകളെ നിയമിച്ച് രണ്ടുകൂട്ടരെയും പെന്‍ഷന് അര്‍ഹരാക്കുന്ന രീതിയും ഒഴിവാകും. ഇതുസംബന്ധിച്ച നിര്‍ദേശം മന്ത്രിമാര്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ നല്‍കി. പുതിയ നിബന്ധനയ്ക്ക് മുന്‍കാലപ്രാബല്യം ഏര്‍പ്പെടുത്തില്ല. നിലവില്‍ നാലുവര്‍ഷത്തില്‍ കുറവുള്ള സര്‍വീസിന് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് അത് തുടര്‍ന്നും ലഭിക്കും. മിനിമം പെന്‍ഷനായി 4750 രൂപയെങ്കിലും നിലവില്‍ ലഭിക്കും.
കേരളത്തില്‍ മാത്രമാണ് പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കുന്നത്. കേന്ദ്രത്തില്‍ കാബിനറ്റ് മന്ത്രിമാര്‍ക്ക് 15 പേരെയേ പേഴ്‌സണല്‍ സ്റ്റാഫായി നിയമിക്കാനാവു. തമിഴ്‌നാട്ടില്‍ ഒരാളെ മാത്രമേ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാവൂ, ബാക്കിയുള്ളവര്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരായിരിക്കണം. കര്‍ണാടകയില്‍ 14 പേരെ സ്വന്തംനിലയില്‍ വെക്കാം. കേരളത്തില്‍ 25 പേരെ പേഴ്‌സണല്‍ സ്റ്റാഫാക്കാം. അതില്‍ 17 പേരെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാം. 1994-ല്‍ കെ. കരുണാകരന്‍ സര്‍ക്കാരാണ് മന്ത്രിമാരുടെ സ്റ്റാഫിന് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്. 1982 മുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിരുന്നു.






