തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത മൂന്ന് മണിക്കൂറിൽ എറണാകുളം, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ അതിശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയും ശക്തമായ കാറ്റും അനുഭവപ്പെടാൻ സാധ്യതയുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾ, മതപഠന കേന്ദ്രങ്ങൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ, പ്രൊഫഷണൽ കോളേജുകൾ എന്നിവയ്ക്കും അവധി ബാധകമാണ്. എന്നാൽ സർവകലാശാല പരീക്ഷകളും പി.എസ്.സി പരീക്ഷകളും ഉൾപ്പെടെ നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകിട്ട് 7 മുതൽ രാവിലെ 7 വരെ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾ നിർദേശിച്ചു. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും തുടരുകയാണ്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.




