തിരുവനന്തപുരം: തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് കാന്റീൻ കോർപ്പറേഷൻ ആരോഗ്യവിഭാഗം പൂട്ടിച്ചു. മീൻ ഫ്രൈയിൽ ചത്ത അട്ടയെ കണ്ടെത്തിയ സംഭവത്തെ തുടർന്നാണ് നടപടി. പരിശോധനയിൽ കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിച്ചിരുന്നതെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു പൊലീസുകാരൻ കാന്റീനിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലായിരുന്നു മീൻ ഫ്രൈക്കൊപ്പം ചത്ത അട്ടയെ കണ്ടെത്തിയത്. വീട്ടിലെത്തി ഭക്ഷണം കഴിക്കുന്നതിനിടെ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതി ഉയർന്നത്.
പരാതിയെ തുടർന്ന് കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ ഭക്ഷണശാല ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കാന്റീൻ ഉടൻ പൂട്ടാൻ ഉത്തരവിടുകയും കരാറുകാരോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാനും നിർദേശിക്കുകയും ചെയ്തു.
കാന്റീനിലെ ഭക്ഷണത്തിന്റെ നിലവാരത്തെക്കുറിച്ച് നേരത്തെയും പരാതികൾ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ തുടർനടപടികൾ കോർപ്പറേഷൻ സ്വീകരിച്ചുവരികയാണ്.


