മലപ്പുറം: മഴക്കാലപൂർവ ശുചീകരണത്തിനിടെ തൊഴിലുറപ്പ് തൊഴിലാളികൾക്ക് കാട്ടിൽ ഒളിപ്പിച്ച നിലയിൽ 66 കുപ്പി വിദേശമദ്യം കണ്ടെത്തി. മലപ്പുറം തിരുവാലി പഞ്ചായത്തിലാണ് സംഭവം.
റോഡരികിലെ കാട്ടിൽ രണ്ട് ചാക്കുകളിലായി ഒളിപ്പിച്ചിരുന്ന നിലയിലായിരുന്നു മദ്യക്കുപ്പികൾ കണ്ടെത്തിയത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികളും കുടുംബശ്രീ പ്രവർത്തകരും ചേർന്ന് കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് കണ്ടെത്തൽ.
തിരുവാലി പഞ്ചായത്തിലെ പഴയ പഞ്ചായത്ത് പടിക്ക് സമീപം കാട് വെട്ടുന്നതിനിടെ ആദ്യം 18 കുപ്പി മദ്യമാണ് ലഭിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്ത് മറ്റൊരു ചാക്കിൽ നിന്ന് കൂടുതൽ മദ്യക്കുപ്പികളും കണ്ടെത്തി.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെത്തിയ എടവണ്ണ പൊലീസ് മദ്യക്കുപ്പികൾ കസ്റ്റഡിയിലെടുത്തു.






