പത്തനംതിട്ട: അടൂർ ഏഴംകുളത്ത് ഡി.വൈ.എഫ്.ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒന്നാം പ്രതിയായി കേസ് രജിസ്റ്റർ ചെയ്തു. സി.പി.എം നേതാവിന്റെ വാഹനം അടിച്ചുതകർത്തതാണ് പ്രധാന ആരോപണം.
ഇന്നലെ രാത്രി 11 മണിയോടെ ഏഴംകുളത്താണ് സംഘർഷം ആരംഭിച്ചത്. പ്രാദേശികമായി തുടങ്ങിയ തർക്കം പിന്നീട് എസ്.എഫ്.ഐ–യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് മാറുകയായിരുന്നു. സംഘർഷത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തുകയും എസ്.എഫ്.ഐ പ്രവർത്തകരെ മർദിച്ചതായും റിപ്പോർട്ടുകളുണ്ട്. തുടർന്ന് വിവിധയിടങ്ങളിൽ വീണ്ടും സംഘർഷമുണ്ടായി.
സംഭവവുമായി ബന്ധപ്പെട്ട് അടൂർ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എസ്.എഫ്.ഐ പ്രവർത്തകർ നൽകിയ പരാതിയിലാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലും സംഘവും എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സി.പി.എം നേതാവിന്റെ കാർ തകർത്ത സംഭവത്തിലും കേസെടുത്തിട്ടുണ്ട്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.




