ന്യൂഡൽഹി: ദില്ലി പൊലീസിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ജോൺ ബ്രിട്ടാസ് എംപി. ദില്ലിയിൽ പൊലീസും കേന്ദ്രസേനയും അതിക്രൂരമായാണ് ഇടപെടുന്നതെന്നും കൂലിപ്പട്ടാളത്തിന്റെ ഇടപെടലിന് സമാനമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. കൂടുതൽ മാധ്യമങ്ങൾ സാന്നിധ്യമുള്ളതിനാലാണ് ന്യൂഡൽഹി മേഖലയിൽ പൊലീസ് അതിക്രമത്തിന് മുതിരാത്തതെന്നും മറ്റ് മേഖലകളിലെ സ്ഥിതി വ്യത്യസ്തമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
പ്രതിഷേധങ്ങൾക്ക് പിന്നിൽ വിദേശ ഇടപെടലുണ്ടെന്ന ബിജെപിയുടെ ആരോപണത്തെയും അദ്ദേഹം ചോദ്യം ചെയ്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി അടുപ്പം പുലർത്തുന്നവരാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നായിരുന്നു ബ്രിട്ടാസിന്റെ പരിഹാസം.
വിമാനത്തിൽ കയറി പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്ത നടപടിയെയും അദ്ദേഹം വിമർശിച്ചു. അഭിജിത്തിനെയും സംഘത്തെയും അറസ്റ്റ് ചെയ്തത് സുരക്ഷാ പ്രശ്നമാണെന്ന വാദം അംഗീകരിക്കാനാകില്ലെന്നും അവർ വിമാനറാഞ്ചികളല്ലല്ലോ എന്നും ജോൺ ബ്രിട്ടാസ് ചോദിച്ചു.
എട്ട് മണിക്കൂറോളം കസ്റ്റഡിയിൽ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ജന്തർ മന്തറിലേക്ക് ഇടത് സംഘടനകൾ നടത്തിയ പ്രതിഷേധത്തിനിടെയാണ് ജോൺ ബ്രിട്ടാസ് എംപി ഉൾപ്പെടെയുള്ളവരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തത്.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ എംഎൽഎ എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ആദ്യം തടങ്കൽ കേന്ദ്രത്തിലെത്തിച്ച ശേഷം പൊലീസ് വാഹനത്തിലേക്ക് മാറ്റി. തുടർന്ന് മൂന്നര മണിക്കൂറോളം നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കൊണ്ടുപോയ ശേഷമാണ് മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
ഏകദേശം എട്ട് മണിക്കൂറോളം കസ്റ്റഡിയിൽ വെച്ചതിന് ശേഷം വൈകുന്നേരം ആറരയോടെയാണ് മൂവരെയും വിട്ടയച്ചത്.
പൊലീസ് നടപടിക്കിടെ പിണറായി വിജയന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതായി ജോൺ ബ്രിട്ടാസ് നേരത്തെ അറിയിച്ചിരുന്നു. പ്രായം പരിഗണിക്കാതെയും ഭക്ഷണവും കൃത്യസമയത്തുള്ള മരുന്നും നൽകാതെയുമാണ് പൊലീസ് പെരുമാറിയതെന്നും അദ്ദേഹം പ്രതികരിച്ചു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവും തുടർന്നുണ്ടായ പൊലീസ് നടപടികളും ദേശീയതലത്തിൽ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.




