ലോസ് ഏയ്ഞ്ചലസ്: മകളുടെ അവകാശ തർക്കത്തിനിടെ മുൻ കാമുകനെ കൊല്ലാൻ ഡാർക്ക് വെബ് വഴി വാടകക്കൊലയാളിയെ ഏർപ്പെടുത്തിയെന്ന കേസിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ കേസ് എടുത്തു. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഗബ്രിയേല ഗോൺസാലസ്ക്കെതിരെയാണ് നടപടി. “വൈ ഡോണ്ട് വീ” ബാൻഡിലെ ഗായകൻ ജാക്ക് അവേരിയെ കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്.
ഗബ്രിയേലയ്ക്കെതിരെ കൊലപാതക ശ്രമം, ഗൂഢാലോചന, കൊലപാതകത്തിന് പ്രേരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഗബ്രിയേലയുടെ പിതാവ് ഫ്രാൻസിസ്കോ ഗോൺസാലസ്, നിലവിലെ കാമുകൻ കൈ കോർഡ്രേ എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഗബ്രിയേലക്കും ജാക്ക് അവേരിക്കുമൊരു ഏഴ് വയസ്സുള്ള മകളുണ്ട്. കുട്ടിയുടെ അവകാശവുമായി ബന്ധപ്പെട്ട കേസ് ഇരുവരും തമ്മിൽ കോടതിയിൽ നിലനിൽക്കുന്നതിനിടെയാണ് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ വിവരം.
2020 മുതൽ 2021 വരെയുള്ള കാലയളവിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ജാക്ക് അവേരിയെ കൊല്ലാൻ വാടകക്കൊലയാളിയെ കണ്ടെത്താൻ ഗബ്രിയേല പുതിയ കാമുകന്റെ സഹായം തേടിയതായും കേസ് രേഖകളിൽ പറയുന്നു. 2021ൽ വാടകക്കൊലയാളിയെന്ന പേരിൽ എത്തിയ രഹസ്യ പൊലീസ് ഉദ്യോഗസ്ഥനുമായി പ്രതികൾ കൊലപാതക പദ്ധതിയെക്കുറിച്ച് സംസാരിച്ചെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കേസിൽ കുറ്റം തെളിഞ്ഞാൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവ് വരെ ലഭിക്കാനിടയുണ്ട്. കേസിൽ അന്വേഷണം ആദ്യം എഫ്.ബി.ഐ ആരംഭിച്ച ശേഷം ലോസ് ഏയ്ഞ്ചലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിന് കൈമാറുകയായിരുന്നു. Why Don’t We എന്ന ബാൻഡിലൂടെ പ്രശസ്തനായ ജാക്ക് അവേരി 2018ൽ പുറത്തിറങ്ങിയ “8 Letters” ഗാനത്തിലൂടെയാണ് കൂടുതൽ ശ്രദ്ധ നേടിയത്.






