ബെംഗളൂരു: ബെംഗളൂരുവിലെ മഡിവാളയിൽ മലയാളി യുവതിയെ ബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹൈനസിനെയാണ് കർണാടക പൊലീസ് വയനാട്ടിൽ നിന്ന് പിടികൂടിയത്. വെള്ളിയാഴ്ച വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്ക് ശേഷം ട്രാൻസിറ്റ് വാറണ്ട് ഉപയോഗിച്ച് പ്രതിയെ ബെംഗളൂരുവിലെത്തിച്ചു. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കും.
മേയ് 12ന് മഡിവാളയിലെ സുഹൃത്തുക്കളുടെ താമസസ്ഥലത്ത് വെച്ചാണ് 20കാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതെന്നാണ് കേസ്. ബെംഗളൂരുവിൽ പഠിക്കുന്ന യുവതി പഠനത്തോടൊപ്പം ഒരു കഫേയിൽ പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു. ആരോഗ്യപ്രശ്നത്തെ തുടർന്ന് താമസസ്ഥലത്ത് വിശ്രമിക്കുകയായിരുന്ന സമയത്ത് ഹൈനസ് അവിടെയെത്തിയെന്നും സുഹൃത്തുക്കൾ പുറത്തുപോയ സമയത്ത് മുറിയിൽ കയറി ബലാത്സംഗം ചെയ്തെന്നുമാണ് യുവതിയുടെ പരാതി.
സംഭവത്തിന് പിന്നാലെ മഡിവാള പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് ആദ്യം കേസ് എടുക്കാൻ തയ്യാറായില്ലെന്ന് യുവതി ആരോപിച്ചു. പരാതി നൽകേണ്ടതില്ലെന്ന് പൊലീസ് ആവശ്യപ്പെട്ടതായും അപമാനിച്ചുവെന്നും യുവതി പറഞ്ഞു. തുടർന്ന് യുവതിയും സുഹൃത്തുക്കളും മേയ് 18ന് ബെംഗളൂരു നോർത്ത് ഈസ്റ്റ് ഡിസിപിയെ സമീപിച്ചു. ഡിസിപിയുടെ നിർദേശപ്രകാരമാണ് പിന്നീട് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
യുവതിയുടെ സുഹൃത്തുക്കൾ മഡിവാളയിൽ ആരംഭിച്ച കഫേയ്ക്ക് സ്ഥലം കണ്ടെത്തി നൽകുന്നതിലും മറ്റ് സഹായങ്ങളിലും ഹൈനസ് പങ്കെടുത്തിരുന്നതായി പറയുന്നു. കഫേ നഷ്ടത്തിലായതിനെ തുടർന്ന് അത് വിൽക്കാനുള്ള കാര്യങ്ങൾ സംസാരിക്കാനാണ് പ്രതി താമസസ്ഥലത്തെത്തിയതെന്നും റിപ്പോർട്ടുണ്ട്.






