തിരുവനന്തപുരം: നവകേരള യാത്രയ്ക്കിടെ നടന്ന ‘രക്ഷാപ്രവർത്തനം’ സംബന്ധിച്ച കേസിൽ അഞ്ച് പൊലീസ് ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് പ്രത്യേക അന്വേഷണ സംഘമായ എസ്ഐടി കണ്ടെത്തി. ഇതുസംബന്ധിച്ച റിപ്പോർട്ട് ആലപ്പുഴ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
അനിൽ, സന്ദീപ്, ഷൈജു, വിപിൻ, അരുൺ എന്നിവരാണ് കേസിൽ പ്രതികളായി ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ ഗൺമാൻമാർക്കെതിരെ ഇതുവരെ വകുപ്പുതല കുറ്റം ചുമത്തിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കേസിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ വകുപ്പുതല നടപടി ശുപാർശ ഉടൻ ഡിജിപിക്ക് കൈമാറുമെന്നാണ് വിവരം. സംഭവ സമയത്ത് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ഉദ്യോഗസ്ഥർ എസ്ഐടിക്ക് മുൻപിൽ മൊഴി നൽകിയതായും റിപ്പോർട്ടിൽ പരാമർശമുണ്ട്.
നവകേരള യാത്രയുമായി ബന്ധപ്പെട്ട സുരക്ഷാ നടപടികളും പൊലീസ് ഇടപെടലുകളും വീണ്ടും വിവാദത്തിലായിരിക്കുകയാണ്. അന്വേഷണ സംഘം സമർപ്പിച്ച റിപ്പോർട്ട് അടിസ്ഥാനമാക്കി തുടർ നടപടികൾ എന്താകുമെന്നത് നിർണായകമായിരിക്കുമെന്നാണ് വിലയിരുത്തൽ.






