ന്യൂഡല്‍ഹി: എൻഡിഎയിൽ പുതിയ രാഷ്ട്രീയ ഭിന്നതകൾ ശക്തമാകുന്നു. യുവാക്കളുടെ വിയോജിപ്പുകളെ അവഗണിക്കരുതെന്ന നിലപാടിൽ തെലുങ്ക് ദേശം പാർട്ടി രംഗത്തെത്തി. കോക്രോച്ച് ജനതാ പാർട്ടി വിഷയമാണ് ഇപ്പോൾ മുന്നണിക്കുള്ളിൽ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്.
യുവജനങ്ങളുടെ അസന്തോഷം ഗൗരവമായി കാണണം. സാമ്പത്തിക പ്രതിസന്ധിയും നീറ്റ് ചോദ്യപേപ്പർ ചോർച്ച പോലുള്ള വിഷയങ്ങളും യുവാക്കളിൽ അസ്വസ്ഥത വർധിപ്പിച്ചിട്ടുണ്ടെന്നും ടിഡിപി പാർലമെന്ററി പാർട്ടി നേതാവ് ലാവു കൃഷ്ണ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിലൂടെയാണ് യുവാക്കൾ കൂടുതൽ പ്രതികരിക്കുന്നതെന്നും അതിനെ അവഗണിക്കരുതെന്നും ടിഡിപി മുന്നറിയിപ്പ് നൽകി.
തമിഴ്നാട്ടിലെ രാഷ്ട്രീയ മാറ്റങ്ങളും യുവജന പിന്തുണയും ചൂണ്ടിക്കാട്ടിയാണ് ടിഡിപിയുടെ ഈ നിലപാട്. യുവാക്കളുടെ ശബ്ദം രാഷ്ട്രീയത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുവെന്നതിനുള്ള ഉദാഹരണമായി ടിഡിപി ഇത് വിലയിരുത്തുന്നു.
ഇതിനിടെ, കോക്രോച്ച് ജനതാ പാർട്ടി സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടിയിരുന്നു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ സംബന്ധിച്ച പരാമർശത്തിന് പിന്നാലെയാണ് ഈ ആക്ഷേപഹാസ്യ രാഷ്ട്രീയ മുന്നണി രൂപംകൊണ്ടത്. എന്നാൽ ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ പാർട്ടിയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്ക് നിയന്ത്രണങ്ങൾ നേരിട്ടു. എക്സ് പ്ലാറ്റ്‌ഫോമിൽ അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്തതായും പിന്നീട് ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു.
ഈ സംഭവങ്ങൾ ഇന്ത്യയിലെ രാഷ്ട്രീയ-സാമൂഹിക മാധ്യമ ചർച്ചകളിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. എൻഡിഎയിലെ ഘടകകക്ഷികൾക്കും വിഷയത്തിൽ വ്യത്യസ്ത നിലപാടുകളാണുള്ളത്.






