കണ്ണൂർ: ഇന്ധനവില വർധനയും യാത്രക്കാരുടെ കുറവും കാരണം സ്വകാര്യ ബസ് മേഖല വലിയ പ്രതിസന്ധിയിലാണെന്ന് ബസുടമകൾ. ഒൻപത് ദിവസത്തിനിടെ മൂന്ന് തവണ ഇന്ധനവില ഉയർന്നത് ബസ് സർവീസുകൾക്ക് കൂടുതൽ സാമ്പത്തികഭാരം സൃഷ്ടിച്ചു. വോട്ട് ചെയ്യാനായി നാട്ടിലേക്ക് പോയ മറുനാടൻ തൊഴിലാളികൾ പലരും തിരികെ എത്തിയിട്ടില്ല. ഇതുമൂലം യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി ബസുടമകൾ പറയുന്നു. ദിനംപ്രതി ശരാശരി 1,500 രൂപയുടെ വരുമാനനഷ്ടം നേരിടുന്നതായും അവർ വെളിപ്പെടുത്തി.
ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന സർക്കാർ പ്രഖ്യാപനവും സ്വകാര്യ ബസ് മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതിനുമുമ്പ് തന്നെ കോവിഡ് കാലത്തിനു ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണം കൂടിയത് ബസ് വ്യവസായത്തെ ബാധിച്ചിരുന്നു.
നിലവിൽ സ്വകാര്യ ബസ് മേഖല കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് ബസുടമകൾ പറയുന്നു. പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ വിവിധ സംഘടനകൾ അടുത്ത ദിവസം ഗതാഗത മന്ത്രിയെ കാണാൻ തീരുമാനിച്ചിട്ടുണ്ട്.






