ന്യൂ ഡൽഹി: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സുപ്രധാനമായ ഒരു പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ. ഇന്ത്യ സന്ദർശനത്തിനിടെ ഡൽഹിയിൽ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി നടത്തിയ സംയുക്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷത്തിന് അറുതി വരുത്താൻ ലക്ഷ്യമിട്ടുള്ള ഒരു സമാധാന കരാറിലേക്കുള്ള ചർച്ചകൾ അവസാനഘട്ടത്തിലാണെന്ന് റൂബിയോ സൂചിപ്പിച്ചു. ‘അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലോകത്തിന് ചില നല്ല വാർത്തകൾ ലഭിക്കാൻ സാധ്യതയുണ്ടെന്ന് ഞാൻ കരുതുന്നു,’ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങൾ പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ഈ കരാർ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.






