ന്യൂഡൽഹി: രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥരെ സ്വന്തം ഭരണ സംവിധാനത്തിൽ ഉൾപ്പെടുത്തുന്നത് കോൺഗ്രസും ബിജെപിയും ഒരുപോലെ പിന്തുടരുന്ന രീതിയാണെന്ന് മുഹമ്മദ് സലീം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ രത്തൻ ഖേൽക്കറേ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ടതിനെ തുടർന്നായിരുന്നു പ്രതികരണം.
ബംഗാളിലെ സമാന നിയമനങ്ങളെ വിമർശിച്ച കോൺഗ്രസിന് കേരളത്തിലെ വിഷയത്തിൽ ധാർമ്മിക അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു. ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ലോബികൾ രാഷ്ട്രീയ പാർട്ടികളുമായി അടുത്ത ബന്ധം പുലർത്തുന്നുവെന്നും ഇത്തരം നിയമനങ്ങൾ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ സുതാര്യതയെ കുറിച്ച് ജനങ്ങളിൽ സംശയം ഉണ്ടാക്കുന്നുവെന്നും മുഹമ്മദ് സലീം ആരോപിച്ചു.
അതേസമയം, രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റു. അവധി ദിവസമായ ഞായറാഴ്ച തന്നെ പ്രത്യേക നിർദേശപ്രകാരം അദ്ദേഹം ചുമതലയേറ്റതും ശ്രദ്ധേയമായി.സംഭവത്തിൽ സിപിഐഎം ശക്തമായ വിമർശനം ഉയർത്തിയപ്പോൾ, രാഹുൽ ഗാന്ധിക്കെതിരെയും ബിജെപി രംഗത്തെത്തി. ബംഗാളിലെ സമാന നിയമനങ്ങളെ ദേശീയ വിഷയമാക്കിയ കോൺഗ്രസ് കേരളത്തിൽ ഇരട്ടത്താപ്പ് കാണിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.
പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് പ്രതീക്ഷ നൽകുന്നതാണെന്നും ജനങ്ങൾ ഭയമില്ലാതെ വോട്ട് ചെയ്തപ്പോൾ സിപിഐഎമ്മും ബിജെപിയും തമ്മിലായിരുന്നു പ്രധാന പോരാട്ടമെന്നും മുഹമ്മദ് സലീം പറഞ്ഞു.






