എറണാകുളം: മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിക്കപ്പെട്ട സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ജയരാജൻ. ബംഗാളിൽ ബിജെപി സ്വീകരിച്ച അതേ നയമാണ് കേരളത്തിൽ കോൺഗ്രസ് പിന്തുടരുന്നതെന്ന് എം വി ജയരാജൻ ആരോപിച്ചു. ബിജെപി-കോൺഗ്രസ് ബന്ധത്തിന്റെ വിശ്വാസ്യത ഇതിലൂടെ ശക്തമായെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നടപടികളിൽ രത്തൻ ഖേൽക്കർ യുഡിഎഫിനെ സഹായിച്ചുവെന്നും, അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്ന് നീക്കുകയും അനർഹരെ ഉൾപ്പെടുത്തുകയും ചെയ്തുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. വ്യാജ വോട്ടർമാരെ ചേർക്കുന്നതിൽ യുഡിഎഫിനൊപ്പം നിന്നുവെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വി ഡി സതീശൻ ബിജെപിയുമായി അടുപ്പം പുലർത്തുന്നുവെന്നും, അദ്ദേഹത്തിന്റെ മംഗളൂരു സന്ദർശനവും സംശയത്തോടെ കാണേണ്ടതുണ്ടെന്നും എം വി ജയരാജൻ പറഞ്ഞു.
അതേസമയം, സിപിഐഎം നേതാവ് മുഹമ്മദ് സലീമും രത്തൻ ഖേൽക്കർ നിയമനത്തെ വിമർശിച്ച് രംഗത്തെത്തി. രാഷ്ട്രീയ കൂറുള്ള ഉദ്യോഗസ്ഥരെ കോൺഗ്രസും ബിജെപിയും ഒരുപോലെ ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
വിവാദങ്ങൾ ശക്തമായിരിക്കെ രത്തൻ ഖേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു. അവധി ദിവസമായ ഞായറാഴ്ച തന്നെ പ്രത്യേക നിർദേശപ്രകാരം ചുമതലയേറ്റതും രാഷ്ട്രീയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.






