തിരുവനന്തപുരം: ഗുരുവായൂരില്‍ തന്റെ ദര്‍ശനം കാരണം മറ്റു ഭക്തര്‍ക്ക് ദര്‍ശനം സാധിച്ചില്ല എന്ന വാര്‍ത്ത കള്ളക്കഥയെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. അങ്ങനെയൊരു സംഭവം അവിടെ ഉണ്ടായിട്ടില്ല. തന്റെ കൂടെ ആകെ നാലുപേര്‍ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘ഇത് തെറ്റായ വാര്‍ത്തയാണ്. ഞായറാഴ്ച വിഐപി ദര്‍ശനം ഇല്ല. ആദ്യമായിട്ടല്ലല്ലോ ഒരു മുഖ്യമന്ത്രി ഗുരുവായൂര്‍ ദര്‍ശനത്തിന് പോകുന്നത്. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മുഖ്യമന്ത്രിയുടെ കൂടെ നാലുപേരെ ഉണ്ടായിരുന്നുള്ളൂ. അതില്‍ ഒരാള്‍ അവിടത്തെ ആള്‍ ആയിരുന്നു. അവിടത്തെ അഡ്മിനിസ്ട്രേറ്റര്‍ ആയിരുന്നു ഒരാള്‍. എന്റെ കൂടെ ഒരു ഗണ്‍മാന്‍ മാത്രമാണ് ഉണ്ടായത്. സാധാരണ ഗുരുവായൂരില്‍ ദര്‍ശനം നടത്താന്‍ പോകുമ്പോഴുള്ള നാലുപേരാണ് കൂടെ ഉണ്ടായിരുന്നത്. ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് കയറിയത്. ആയിരം രൂപയുടെ ടിക്കറ്റ് എടുത്തിട്ടാണ് ദര്‍ശനം നടത്തിയത്.’- വി ഡി സതീശന്‍ വ്യക്തമാക്കി.
ഞാന്‍ ഉപദേവതകളെ ദര്‍ശിക്കാന്‍ പോയപ്പോള്‍ മുന്‍പില്‍ നിന്നിരുന്ന ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ സെക്യൂരിറ്റി ഗാര്‍ഡ് എല്ലാവരെയും സ്റ്റോപ്പ് ചെയ്തു. ഞാന്‍ പറഞ്ഞു സ്റ്റോപ്പ് ചെയ്യാന്‍ പറ്റില്ല. ഞാന്‍ തൊഴുകാന്‍ വരുന്നത് മറ്റൊരാള്‍ക്ക് തടസ്സമാവരുത്.ഞാന്‍ സൈഡില്‍ നിന്ന് തൊഴുകുകയും ആളുകള്‍ തൊഴുത് നീങ്ങുകയും ചെയ്തു. ഇത് കള്ളക്കഥയാണ്. അവിടെയുള്ള ആളുകള്‍ എന്നോട് വന്ന് പറഞ്ഞു എപ്പോഴും ഇങ്ങനെയായിരിക്കണം. ഇതാണ് ഭംഗി- മുഖ്യമന്ത്രി പറഞ്ഞു.






