ഡി.ആർ. കോംഗോയിൽ എബോള വൈറസ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത ശക്തമാക്കി. ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ തുടങ്ങിയ എബോള ബാധിത രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്കായി വിമാനത്താവളങ്ങളിൽ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പനി, ഛർദ്ദി, തലവേദന, അകാരണ രക്തസ്രാവം തുടങ്ങിയ ലക്ഷണങ്ങളുള്ളവരും രോഗബാധിതരുമായി സമ്പർക്കം പുലർത്തിയവരും ഇമിഗ്രേഷൻ നടപടികൾക്ക് മുൻപ് എയർപോർട്ട് ഹെൽത്ത് ഓഫീസർമാരെ അറിയിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്.
നിലവിൽ ഇന്ത്യയിൽ എബോള കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പ്രതിരോധ നടപടികളുടെ ഭാഗമായി ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഡി.ആർ. കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാൻ എന്നിവിടങ്ങളിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
അതേസമയം, ഡി.ആർ. കോംഗോയിലെ എബോള വ്യാപനത്തിൽ രോഗികളെന്ന് സംശയിക്കപ്പെടുന്നവരുടെ എണ്ണം 900 കടന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. 101 കേസുകൾ സ്ഥിരീകരിച്ചതായും നിരവധി മരണങ്ങൾ റിപ്പോർട്ട് ചെയ്തതായും അധികൃതർ വ്യക്തമാക്കി. രോഗവ്യാപനം ദേശീയതലത്തിൽ അതീവ ഗുരുതര സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
ആദ്യഘട്ടത്തിൽ ഇട്ടൂരി, നോർഡ്-കിവു പ്രവിശ്യകളിൽ മാത്രം ഒതുങ്ങിയിരുന്ന രോഗവ്യാപനം പിന്നീട് സൗത്ത് കിവുവിലേക്കും വ്യാപിച്ചു. ഇതേ തുടർന്നാണ് ആഗോള പബ്ലിക് ഹെൽത്ത് എമർജൻസി പ്രഖ്യാപിച്ചത്.
കേരളത്തിലും നിരീക്ഷണം ശക്തമാക്കിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊച്ചി, പരിയാരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ലാത്തതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
പ്രത്യേക ചികിത്സയോ ഫലപ്രദമായ വാക്സിനോ നിലവിൽ ലഭ്യമല്ലാത്ത ബുണ്ടിബുഗ്യോ വകഭേദമാണ് നിലവിലെ വ്യാപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. എബോള വൈറസിന്റെ ആറു പ്രധാന വകഭേദങ്ങളിൽ ഒന്നാണിത്.
രോഗബാധിതരുടെയോ മരണപ്പെട്ടവരുടെയോ രക്തം, വിസർജ്യം, മറ്റ് ശരീരസ്രവങ്ങൾ എന്നിവ വഴിയാണ് വൈറസ് പകരുന്നത്. രോഗബാധിത മൃഗങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയും പൂർണമായി പാകം ചെയ്യാത്ത മാംസം കഴിക്കുന്നതിലൂടെയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
വൈറസ് ശരീരത്തിൽ പ്രവേശിച്ചതിന് ശേഷം രണ്ട് മുതൽ 21 ദിവസത്തിനുള്ളിൽ പനി, തലവേദന, പേശിവേദന, തൊണ്ടവേദന, ഛർദ്ദി, ത്വക്കിലെ തിണർപ്പ് തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും. ചിലരിൽ ഗുരുതര രക്തസ്രാവവും കരൾ-വൃക്ക തകരാറുകളും ഉണ്ടാകാൻ സാധ്യതയുണ്ട്.
രോഗബാധിതരുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക, ശരിയായ സംരക്ഷണ ഉപകരണങ്ങൾ ഉപയോഗിക്കുക, രോഗികളെ ഐസൊലേഷനിൽ പ്രവേശിപ്പിക്കുക എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ.






