തിരുവനന്തപുരം: സപ്ലൈകോയുടെ “ആലിൻ ബ്രാൻഡ്” നോട്ടുബുക്കുകളുടെ ഔദ്യോഗിക പ്രകാശനം ചൊവ്വാഴ്ച എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കും. ഭക്ഷ്യ–പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉച്ചയ്ക്ക് 1.30ന് ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ശ്രദ്ധ നേടിയ ആലിൻ ഷെറിൻ എബ്രഹാമിന്റെ സ്മരണാർത്ഥമാണ് ഈ വർഷത്തെ നോട്ടുബുക്കുകൾ പുറത്തിറക്കുന്നത്. ചടങ്ങിൽ മേയർ മിനിമോൾ വി.കെ. അധ്യക്ഷയാകും.
ആലിന്റെ മാതാപിതാക്കളായ അരുൺ എബ്രഹാം, ഷെറിൻ ആൻ ജോൺ എന്നിവരെ ചടങ്ങിൽ ആദരിക്കും. എംപിമാരും എംഎൽഎമാരും കോർപ്പറേഷൻ പ്രതിനിധികളും ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുക്കും.
നോട്ടുബുക്ക് കവർ ഡിസൈൻ തയ്യാറാക്കിയ തേവര സേക്രഡ് ഹാർട്ട് കോളേജിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിക്കും. സപ്ലൈകോ മാനേജിംഗ് ഡയറക്ടർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.




