കോയമ്പത്തൂർ: പ്രണയാഭ്യർഥന നിരസിച്ചതിലുള്ള പ്രതികാരമായി യുവതിയുടെ വീടിന് നേരെ മണ്ണെണ്ണ നിറച്ച കുപ്പികൾ എറിഞ്ഞ് ആക്രമണം. കോയമ്പത്തൂർ തൊണ്ടമുത്തൂരിനടുത്ത് നടന്ന സംഭവത്തിൽ നാലംഗ സംഘത്തിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി.
തമിഴ്‌നാട്ടിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി 31-ലധികം കേസുകളിൽ പ്രതിയായ കാർത്തിക് അഥവാ മാരിയപ്പനാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയെ നിരന്തരം ശല്യം ചെയ്തിരുന്നതായും കുടുംബം പരാതിപ്പെട്ടിരുന്നു.
ഇന്നലെ വൈകുന്നേരം കാർത്തിക്കും മൂന്ന് സുഹൃത്തുക്കളും ബൈക്കുകളിൽ യുവതിയുടെ വീട്ടിലെത്തി. വീടിന് പുറത്തുനിന്ന യുവതിയുടെ പിതാവിനെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷമാണ് മണ്ണെണ്ണ നിറച്ച കുപ്പികൾ വീടിന് നേരെ എറിഞ്ഞത്.
എറിഞ്ഞ കുപ്പികളിൽ ഒന്ന് വീടിന്റെ പോർട്ടിക്കോയിലെ ഷൂ സ്റ്റാൻഡിൽ പതിഞ്ഞതോടെ തീപിടിത്തമുണ്ടായി. അവിടെയുണ്ടായിരുന്ന ക്യാൻവാസ് ഷൂസുകൾ കത്തി നശിച്ചു. യുവതിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾക്കായി വിവിധയിടങ്ങളിൽ തിരച്ചിൽ തുടരുകയാണ്.






