പത്തനംതിട്ട: ഉറങ്ങിക്കിടന്ന ആളിന്റെ കാലിൽ പാമ്പ് ചുറ്റി. പിന്നീട് മാരക വിഷമുള്ള ശംഖുവരയൻ പാമ്പിനെ ടെലിവിഷനിനുള്ളിൽ നിന്ന് സുരക്ഷിതമായി പിടികൂടി. മണ്ണാറകുളഞ്ഞി ആശുപത്രിക്ക് താഴെയുള്ള വീട്ടിലാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു പാമ്പ് വീട്ടിൽ കയറിയത്.
ഉറങ്ങിക്കിടന്ന ആളിന്റെ കാലിൽ പാമ്പ് ചുറ്റിക്കിടന്നതോടെ അദ്ദേഹം പെട്ടെന്ന് കാലു കുടഞ്ഞു. ഈ സമയം പാമ്പ് മുറിയിലേക്ക് തെറിച്ചുവീണു. തുടർന്ന് ജനലിലൂടെ കയറി മുറിയിലുണ്ടായിരുന്ന ടെലിവിഷനിനുള്ളിൽ കയറി ഒളിക്കുകയായിരുന്നു. പാമ്പ് ചുറ്റിയ അനുഭവം ഉണ്ടായതോടെ വീട്ടുകാർ ഭീതിയിലായി. പിന്നീട് ഇത് ശംഖുവരയൻ ഇനത്തിൽപ്പെട്ട അത്യന്തം വിഷമുള്ള പാമ്പാണെന്ന് തിരിച്ചറിഞ്ഞു.
വിവരമറിഞ്ഞ് പാമ്പുപിടുത്തക്കാരനായ ഉതിമൂട് മാത്തുകൂട്ടി സ്ഥലത്തെത്തി. ശ്രദ്ധാപൂർവം ടെലിവിഷൻ തുറന്ന് ഉള്ളിലുണ്ടായിരുന്ന പാമ്പിനെ പിടികൂടി ചാക്കിലാക്കി സുരക്ഷിതമായി മാറ്റി. കഴിഞ്ഞ ദിവസങ്ങളിലായി ഇദ്ദേഹം ഈ പ്രദേശത്ത് നിന്ന് നിരവധി പാമ്പുകളെ പിടികൂടി വനംവകുപ്പിന് കൈമാറിയിട്ടുണ്ടെന്ന് നാട്ടുകാർ അറിയിച്ചു.






