ന്യൂഡൽഹി: മുനമ്പത്തെ പാവപ്പെട്ട ജനങ്ങളെ ഒഴിപ്പിക്കുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി വി.ഡി. സതീശൻ. അവർക്കായി എത്രയും വേഗം നികുതി അടയ്ക്കാനുള്ള സംവിധാനം ഒരുക്കുകയും ഭൂമിയിൽ പൂർണാവകാശം ഉറപ്പാക്കുകയും ചെയ്യുമെന്ന് അദ്ദേഹം ഡൽഹിയിലെ കേരള ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളത്തിന്റെ വികസനത്തിനായി ആസൂത്രണം ചെയ്തിരിക്കുന്ന സ്വപ്നപദ്ധതികളെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. പദ്ധതികളുടെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രധാനമന്ത്രിയുമായും കേന്ദ്ര ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തി ചർച്ച നടത്തിയതായും അദ്ദേഹം പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ അനുകൂല സമീപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചില വിഷയങ്ങളിൽ കേന്ദ്രത്തിന്റെ നിർദേശങ്ങൾ പരിഗണിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിന്റെ ഭാഗമായാണ് പദ്ധതികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിലെത്തിക്കുന്നതിനായി ധവളപത്രം തയ്യാറാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിന് കേരളം 5,580 കോടി രൂപ നൽകിയിട്ടുണ്ടെന്നും ഈ തുക സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. നിലവിൽ ജി.എസ്.ഡി.പി.യുടെ 3.5 ശതമാനമാണ് കടമെടുപ്പ് പരിധി. അതിൽ 0.5 ശതമാനം വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങൾക്കായി മാറ്റിവെച്ചിരിക്കുകയാണ്.
കിഫ്ബിയും പെൻഷൻ ഫണ്ടും സൃഷ്ടിച്ച ബാധ്യതകളും കടമെടുപ്പ് പരിധിയിൽ ഉൾപ്പെടുന്നതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക നീക്കങ്ങൾ ബുദ്ധിമുട്ടിലാകുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ധവളപത്രം പുറത്തിറങ്ങിയതിന് ശേഷം ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ കേന്ദ്രസർക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






