ബംഗളൂരു: ബംഗളൂരുവിൽ നിർമാണ സ്ഥലത്ത് കോമ്പൗണ്ട് മതിൽ ഇടിഞ്ഞുവീണ് അപകടം. സംഭവത്തിൽ 17കാരനായ തൊഴിലാളി ഭീമേഷ് മരിച്ചു. 32 വയസ്സുള്ള ദൂലയ്യക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.
ചിക്കബനസവാടിയിലെ നിർമാണത്തിലിരിക്കുന്ന അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ കോമ്പൗണ്ട് മതിലാണ് തൊഴിലാളികളുടെ മേൽ ഇടിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മഴവെള്ളവും ചെളിയും നീക്കം ചെയ്യുന്നതിനിടെയായിരുന്നു അപകടം.
സംഭവസമയത്ത് ആറ് തൊഴിലാളികളാണ് സ്ഥലത്ത് ജോലി ചെയ്തിരുന്നത്. അതിൽ മൂന്ന് പേർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിർമാണത്തിലെ അപാകതയും ഉടമകളുടെ അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.
സംഭവത്തിൽ ബനസ്വാഡി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കെട്ടിട ഉടമയ്‌ക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






