റിയാദ്: റിയാദ് വിമാനത്താവളത്തിൽ ഹൂതികൾ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യക്കാരൻ ഹൈദരാബാദ് സ്വദേശിയായ അലി യൂസുഫാണെന്ന് വിവരം. ആക്രമണത്തിൽ അലി യൂസുഫിന്റെ ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പരിക്കേറ്റു. ഉംറ തീർഥാടനത്തിനായി വിമാനത്താവളത്തിലെത്തിയതായിരുന്നു കുടുംബം. പരിക്കേറ്റ രണ്ട് മക്കളുടെ നില ഗുരുതരമാണ്.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ശനിയാഴ്ചയാണ് ആക്രമണമുണ്ടായത്. മക്കയും മദീനയും സന്ദർശിക്കാനെത്തിയവരും ഉംറ തീർഥാടകരും ഉൾപ്പെടെ 13 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. 309 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇറാൻ അനുകൂല ഹൂതികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൗദി നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആരോപണം. സംഭവത്തിൽ ശക്തമായ തിരിച്ചടി നൽകുമെന്നും സഖ്യസേന മുന്നറിയിപ്പ് നൽകി.
കൊല്ലപ്പെട്ടവരിൽ നാല് സൗദി പൗരന്മാരും രണ്ട് ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. അമേരിക്ക, ജോർദാൻ, ഫലസ്തീൻ, സിറിയ, സുഡാൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിൽനിന്നുള്ള ഓരോ പൗരന്മാരും മരിച്ചവരിലുണ്ട്. മക്കയിലേക്ക് യാത്ര ചെയ്യുന്നതിനായി വിമാനത്താവളത്തിൽ വിമാനം കാത്തുനിന്ന നിരവധി തീർഥാടകർക്ക് ആക്രമണത്തിൽ പരിക്കേറ്റതായി രണ്ട് ഡോക്ടർമാർ മാധ്യമങ്ങളോട് പറഞ്ഞു.



