തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. എൽഡിഎഫ് അവസാനിച്ചു എന്ന് ചിലർ കരുതുന്നുവെന്നും വലതുപക്ഷ കേന്ദ്രങ്ങളിലെ അതിരുകടന്ന ആഘോഷത്തിന് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങൾ എന്തുകൊണ്ട് മാറ്റിനിർത്തി എന്നത് വിശദമായി പരിശോധിച്ചുവരികയാണെന്നും തെറ്റുകൾ കണ്ടെത്തി തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നും പിണറായി വിജയൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കുന്നതോടൊപ്പം ക്രിയാത്മക പ്രതിപക്ഷമായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് അവസാനിച്ചു എന്ന ധാരണ തെറ്റാണെന്നും, മുൻകാലങ്ങളിലും സമാന സാഹചര്യങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളാണ് അന്തിമ വിധികർത്താക്കളെന്നും ജനങ്ങളുടെ ക്ഷേമത്തിനായുള്ള നിലപാടുകളിൽ ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
എൽഡിഎഫ് ശക്തമായി തിരിച്ചുവരുമെന്നും, ജനക്ഷേമ പദ്ധതികളെ പിന്തുണയ്ക്കുകയും ആവശ്യമെങ്കിൽ ശക്തമായി പ്രതികരിക്കുകയും ചെയ്യും എന്നും പിണറായി വിജയൻ പറഞ്ഞു.





