തൊടുപുഴ: സംസ്ഥാനത്ത് പാൽവില ലിറ്ററിന് 4 രൂപ വർധിപ്പിച്ച നടപടി ക്ഷീരകർഷകർക്ക് ഭാഗിക ആശ്വാസം മാത്രമാണെന്ന് കർഷക സംഘടനകൾ. പരിപാലനച്ചെലവ് കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഈ വർധന അപര്യാപ്തമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുന്ന വിലവർധന പ്രകാരം ലിറ്ററിന് 4 രൂപ കൂട്ടുമ്പോൾ അതിൽ 3.35 രൂപ കർഷകനാണ് ലഭിക്കുക. നിലവിൽ ക്ഷീര സംഘങ്ങളിൽ പാലിന് 43–44 രൂപ നിരക്കിലാണ് കർഷകർക്ക് ലഭിക്കുന്നത്. പുതിയ നിരക്കോടെ ഇത് 46–47 രൂപയാകും.
എന്നാൽ ഈ വിലവർധന എല്ലാ കർഷകർക്കും ഒരുപോലെ ലഭിക്കില്ലെന്നും പാലിലെ കൊഴുപ്പ് അളവിനും കൊഴുപ്പിതര ഘടകങ്ങൾക്കും അനുസരിച്ചാണ് വില നിശ്ചയിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. എച്ച്എഫ്, ജേഴ്സി പോലുള്ള പശുക്കളുടെ പാലിൽ കൊഴുപ്പ് വ്യത്യാസമുള്ളതിനാൽ ലഭിക്കുന്ന തുക മാറുമെന്നാണ് വിശദീകരണം.
ഉൽപാദനച്ചെലവ് പരിഗണിക്കുമ്പോൾ ലിറ്ററിന് കുറഞ്ഞത് 50 രൂപയെങ്കിലും ലഭിക്കണമെന്നതാണ് കർഷകരുടെ ആവശ്യം. ഇപ്പോഴത്തെ നിരക്കിൽ ക്ഷീരമേഖലയിൽ നിലനിൽക്കാൻ പ്രയാസമാണെന്നും കർഷകർ പ്രതികരിച്ചു.




