ടെഹ്റാൻ: ഇറാന്റെ വ്യോമാതിർത്തി ലംഘിച്ച അമേരിക്കയുടെ അത്യാധുനിക ഡ്രോൺ വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. എംക്യു-9 റീപ്പർ ഡ്രോണാണ് തകർത്തതെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അറിയിച്ചു.
കൂടാതെ, വ്യോമാതിർത്തി ലംഘിക്കാൻ ശ്രമിച്ച അമേരിക്കയുടെ എഫ്-5 യുദ്ധവിമാനത്തിനും ആർക്യു-4 രഹസ്യാന്വേഷണ ഡ്രോണിനുമെതിരെ വെടിയുതിർത്തതായും, ഇതിനെ തുടർന്ന് അവ പിൻവാങ്ങിയതായും ഇറാൻ പറയുന്നു. ഇറാന്റെ വ്യോമാതിർത്തി സംരക്ഷിക്കാൻ നിയമപരമായ അവകാശമുണ്ടെന്നും, ഏതൊരു ലംഘനത്തിനും ശക്തമായി മറുപടി നൽകുമെന്നും ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങൾ വ്യക്തമാക്കി.
ഇറാന്റെ ഈ അവകാശവാദങ്ങൾക്ക് മുൻപ്, തെക്കൻ ഇറാനിലെ ചില കേന്ദ്രങ്ങളിൽ അമേരിക്കൻ സൈന്യം “സ്വയം പ്രതിരോധ” നടപടികളുടെ ഭാഗമായി ആക്രമണം നടത്തിയതായി റിപ്പോർട്ടുണ്ടായിരുന്നു. കടലിൽ മൈൻ സ്ഥാപിക്കാൻ ശ്രമിച്ച ബോട്ടുകളും മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
ഇറാൻ-അമേരിക്ക സംഘർഷം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് ഇരുപക്ഷത്തുനിന്നും പരസ്പര ആരോപണങ്ങൾ ശക്തമാകുന്നത്.




