ലഖ്‌നൗ: അയോധ്യയിലെ ലഖ്‌നൗ–ഗോരഖ്പൂർ ദേശീയ പാതയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. ഒമ്പത് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് റോഡ്‌വേയ്‌സ് ബസ് റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രെയിലർ ട്രക്കിലേക്ക് ഇടിച്ചുകയറിയതാണ് അപകടം.
അയോധ്യയിലെ റൗണഹി പൊലീസ് സ്റ്റേഷൻ പരിധിയിലെ സുബേർഗഞ്ച് മാർക്കറ്റിന് സമീപമാണ് സംഭവം നടന്നത്. കുശിനഗർ ജില്ലയിലെ പരേവതർ സ്വദേശിയായ സാബിർ (54), ലഖ്‌നൗ ഗോമതി നഗർ സ്വദേശി സുരേഷ് കുമാർ (43) എന്നിവരാണ് സംഭവസ്ഥലത്ത് തന്നെ മരിച്ചത്. അമിതവേഗത്തിൽ എത്തിയ ബസ് നിയന്ത്രണം നഷ്ടപ്പെടുത്തി ട്രെയിലറിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് പ്രാഥമിക അന്വേഷണത്തിൽ പറയുന്നു.
കൂട്ടിയിടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗം പൂർണമായി തകർന്നു. യാത്രക്കാർ സീറ്റുകളിൽ നിന്ന് തെറിച്ചുവീഴുകയും വാഹനത്തിനുള്ളിൽ കുടുങ്ങിക്കിടക്കുകയും ചെയ്തു. വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ ബസ് വെട്ടിപ്പൊളിച്ച് യാത്രക്കാരെ പുറത്തെടുത്തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
അപകടത്തെ തുടർന്ന് ഹൈവേയിൽ ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് പൊലീസ് ഇടപെട്ട് പുനഃസ്ഥാപിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. അപകടത്തിന് ശേഷം ട്രെയിലർ ഡ്രൈവർ ഒളിവിൽ പോയതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്.






