തിരുവനന്തപുരം: വെമ്പായത്തെ ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉണ്ടായ റൈഡ് അപകടത്തിന് പിന്നാലെ ഗുരുതര സുരക്ഷാ വീഴ്ചകളുടെ ആരോപണം ശക്തമാകുന്നു. റൈഡുകൾക്ക് അറ്റകുറ്റപ്പണികൾ നടക്കുമ്പോഴും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാറില്ലെന്ന് ആംബുലൻസ് ഡ്രൈവർ ആരോപിച്ചു. അപകട വിവരം അധികൃതരെ അറിയിക്കുന്നതിലും വൈകിയതായും അദ്ദേഹം പറഞ്ഞു.
അപകടത്തിന് പിന്നാലെ നാട്ടുകാരും പാർക്കിനെതിരെ രംഗത്തെത്തി. രക്ഷാപ്രവർത്തനം വൈകിയതായും, അപകടം നടന്നിട്ടും ആളുകളെ ഉടൻ ഒഴിപ്പിക്കാതിരുന്നതായും പരാതിയുണ്ട്. പരിക്കേറ്റവരെ മാലിന്യം കൊണ്ടുപോകുന്ന വാഹനത്തിലാണ് ആശുപത്രിയിലെത്തിച്ചതെന്ന ആരോപണവും ഉയരുന്നുണ്ട്. ആവശ്യമായ സുരക്ഷാ പരിശോധനകളോ ആംബുലൻസ് സൗകര്യമോ പാർക്കിൽ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു.
റൈഡിന്റെ വെൽഡിംഗ് പൊട്ടിവീണതാണ് അപകടകാരണമെന്ന് പ്രാഥമികമായി കണ്ടെത്തി. കുട്ടികളടക്കം അഞ്ചുപേർക്കാണ് പരിക്കേറ്റത്. സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16), പ്രീതു (33) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരിൽ നാലുപേർ നാഗർകോവിൽ സ്വദേശികളാണെന്നാണ് വിവരം. പരിക്കേറ്റവരുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. അപകടസമയം പതിനഞ്ചോളം പേർ റൈഡിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.






