മെറ്റയുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളായ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവയ്ക്ക് കൂടുതല്‍ പ്രീമിയം സേവനങ്ങള്‍ ഉള്‍പ്പെടുത്തിയ മെറ്റ പ്ലസ് സബ്സ്ക്രിപ്ഷന് സംവിധാനം അവതരിപ്പിക്കാന്‍ കമ്പനി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഉപയോക്താക്കള്‍ക്ക് പ്രത്യേക ഫീച്ചറുകള്‍, മെച്ചപ്പെട്ട സുരക്ഷ, എഐ അടിസ്ഥാനത്തിലുള്ള ടൂളുകള്‍ എന്നിവ പണം കൊടുത്ത് ഉപയോഗിക്കാവുന്ന സംവിധനമാണ് വരുന്നത്.
നിലവില്‍ ചില രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കിയിരിക്കുന്ന മെറ്റ വെരിഫൈഡ് സേവനങ്ങളെക്കാള്‍ വിപുലമായ സംവിധാനമായിരിക്കും ഇത്. ഉപയോക്താക്കള്‍ക്ക് പരസ്യരഹിത അനുഭവം, പ്രത്യേക എഡിറ്റിങ് ടൂളുകള്‍, എഐ ചാറ്റ് സഹായം, ഉയര്‍ന്ന നിലവാരത്തിലുള്ള സ്വകാര്യതാ നിയന്ത്രണങ്ങള്‍ തുടങ്ങിയ സേവനങ്ങള്‍ ലഭിക്കും.
പരസ്യവരുമാനത്തെ മാത്രം ആശ്രയിക്കുന്ന മോഡലില്‍ നിന്ന് കൂടുതല്‍ സബ്സ്ക്രിപ്ഷന് അധിഷ്ഠിത വരുമാനത്തിലേക്ക് നീങ്ങാനാണ് കമ്പനി ശ്രമിക്കുന്നത്. നിരക്ക് സംബന്ധിച്ചും ചില കണക്കുകള്‍ വരുന്നുണ്ട്. ഫേസ്ബുക്ക് പ്ലസ് 3.99 ഡോളര്‍ (ഇന്ത്യന്‍ രൂപ ഏകദേശം 387), വാട്സ്ആപ്പ് പ്ലസ് 2.99 ഡോളര്‍ (290 രൂപ) എന്നിങ്ങനെയാണ് റിപ്പോര്‍ട്ടുകളില്‍ പരാമര്‍ശിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ നിരക്കുകളുമായി ബന്ധപ്പെട്ട് മെറ്റ ഔദ്യോഗിക പ്രതികണങ്ങളൊന്നും നടത്തിയിട്ടില്ല.
നിലവില്‍ മെറ്റ എഐ ഉപയോഗിച്ച് ചിത്രങ്ങളും വിഡിയോകളും തയ്യാറാക്കുന്നവര്‍ക്ക് പരിധി ഏര്‍പ്പെടുത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്. അണ്‍ലിമിറ്റഡ് ആക്സസ് സബ്സ്ക്രൈബ് ചെയ്ത ഉപയോക്താക്കള്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്നാണ് സൂചന.
അതേസമയം, സാധാരണ ഉപയോക്താക്കള്‍ക്ക് നിലവിലുള്ള അടിസ്ഥാന സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്ന് മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സബ്സ്ക്രിപ്ഷന് സേവനങ്ങള്‍ അധിക സൗകര്യങ്ങള്‍ ആഗ്രഹിക്കുന്നവര്‍ക്കായി മാത്രമായിരിക്കും.






