തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ വീണ്ടും ആത്മഹത്യാഭീഷണിയുമായി യുവാവ്. വിനീത് എന്നയാളാണ് വിദേശമദ്യ ഷോപ്പിന് മുകളില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എലിവിഷം കഴിച്ച ശേഷമാണ് ഇയാള്‍ കെട്ടിടത്തിന് മുകളില്‍ കയറിയതെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തെത്തി യുവാവിനെ സുരക്ഷിതമായി താഴെയിറക്കി. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
ഇതേ യുവാവ് കഴിഞ്ഞ 20-ാം തീയതി സെക്രട്ടറിയേറ്റിന് സമീപത്തെ മരത്തില്‍ കയറി ആത്മഹത്യാശ്രമം നടത്തിയിരുന്നു. ഹോട്ടല്‍ ജീവനക്കാരനായിരുന്ന ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന.
രണ്ടുമാസമായി ശമ്പളം നല്‍കിയില്ലെന്നാരോപിച്ചായിരുന്നു യുവാവിന്റെ മുന്‍പത്തെ പ്രതികരണം. എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലം മനസിലായതിനെ തുടര്‍ന്നാണ് ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്നാണ് സ്ഥാപനവുമായി ബന്ധപ്പെട്ടവരുടെ വിശദീകരണം.






