ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വത്ത് തർക്കത്തെ തുടർന്ന് മകൻ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തിയതായി പൊലീസ്. മോദിനഗറിലെ ബുഡാന ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഹരിഓം ചൗധരി (52) കൊല്ലപ്പെട്ട കേസിൽ മൂത്തമകൻ നിഖിൽ (32) ഒളിവിലാണെന്നും ഇയാൾക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
പൊലീസിന്റെ വിവരമനുസരിച്ച്, ഏകദേശം 150 കോടി രൂപയുടെ ആസ്തിയുള്ള ഹരിഓം ചൗധരിക്ക് 75 ഏക്കർ ഭൂമിയും ഡൽഹി–മീററ്റ് റോഡിൽ വ്യാപാര സ്ഥാപനങ്ങളും ഉണ്ടായിരുന്നു. നിഖിലിന് നേരത്തേ 25 ഏക്കർ ഭൂമിയും ചന്തയിലെ ചില കടകളും കൈമാറിയിരുന്നെങ്കിലും ശേഷിക്കുന്ന സ്വത്തും തന്റെ പേരിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇയാൾ പിതാവുമായി നിരന്തരം തർക്കിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തി. മകൻ മദ്യപാന ശീലമുള്ളതിനാൽ കൂടുതൽ സ്വത്ത് കൈമാറാൻ ഹരിഓം തയ്യാറായിരുന്നില്ലെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
സംഭവദിവസം രാത്രി മദ്യപിച്ച് വീട്ടിലെത്തിയ നിഖിലും പിതാവും തമ്മിൽ വീണ്ടും വാക്കേറ്റമുണ്ടായി. തുടർന്ന് കൈവശമുണ്ടായിരുന്ന തോക്കുപയോഗിച്ച് നിഖിൽ പിതാവിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഹരിഓമിന്റെ മുഖം, നെഞ്ച്, വയർ എന്നിവിടങ്ങളിലായി ആറ് വെടിയേറ്റ പാടുകൾ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
കൊലപാതകത്തിന് ശേഷം നിഖിൽ ഒളിവിൽ പോയി. പ്രതിയെ പിടികൂടുന്നതിനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. 2018-ൽ സ്വത്തുതർക്കവുമായി ബന്ധപ്പെട്ട് നിഖിൽ സഹോദരന് നേരെയും വെടിയുതിർത്തിരുന്നുവെന്ന വിവരവും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്.




